ദുബായ് : എക്സ്‌പോ 2020 വേദിയിൽ ബോളിവുഡ് താരം ഐശ്വര്യ റായ് എത്തി. തെരുവിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരേ സംഘടിപ്പിച്ച പരിപാടിയിലാണ് ഐശ്വര്യ റായ് പങ്കെടുത്തത്. എക്സ്‌പോ നഗരിയിലെ ആംഫി തിയേറ്ററിൽ നടന്ന പരിപാടിയിൽ വൻ ജനക്കൂട്ടമെത്തിയിരുന്നു. ലോകോത്തര താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.

അമേരിക്കൻ നടി അജ നവോമി കിങ്, അറബ് താരം മോന സാകി, സൗദി അറേബ്യൻ താരം അസീൽ ഒമ്‌റാൻ എന്നിവർ ഐശ്വര്യയ്‌ക്കൊപ്പം ‘തെരുവിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരേ നിലകൊള്ളുക’ എന്ന ചർച്ചയിൽ പങ്കെടുത്തു. ഫ്രഞ്ച് കോസ്‌മെറ്റിക്‌സ് കമ്പനിയായ ഹോളോബാക് എന്ന എൻ.ജി.ഒ.യുമായി സഹകരിച്ചായിരുന്നു പരിപാടി.

ലോകത്ത് 80 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളിൽവെച്ച് ഒരു തവണയെങ്കിലും അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നെന്നാണ് കണക്കുകൾ. ചുറ്റുമുള്ള 86 ശതമാനം ആളുകൾക്കും എന്തു ചെയ്യണമെന്ന് അറിയില്ല. അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ കണ്ടുനിൽക്കുന്ന ആളുകളുള്ള ലോകത്ത് നമ്മുടെ പെൺകുട്ടികൾ വളർന്നുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് എല്ലാ അമ്മമാരോടുമായി ഐശ്വര്യ പറഞ്ഞു. ഒരിക്കലും സ്വീകാര്യമല്ലാത്ത ഈ പ്രവണത തുടരുന്ന സമൂഹത്തിൽ മൗനം പാലിക്കരുതെന്നും താരം അഭ്യർഥിച്ചു.