മുംബൈ : പണപ്പെരുപ്പം ഉയർന്നു നിൽക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. വിതരണ ശൃംഖല വിപുലമാക്കുന്നതിനും വിലവർധന നിയന്ത്രിക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടികളുണ്ടാകേണ്ടതുണ്ടെന്ന് ആർ.ബി.ഐ. പെട്രോൾ- ഡീസൽ ഉത്പന്നങ്ങളിലുള്ള പരോക്ഷനികുതി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുറയ്ക്കുന്നതുൾപ്പെടെ പരിഗണിക്കണമെന്നും പണവായ്പനയം ചൂണ്ടിക്കാട്ടുന്നു. ഇത് പണപ്പെരുപ്പം കുറയ്ക്കാനും ലക്ഷ്യമിട്ടിരിക്കുന്ന പരിധിയിൽ നിലനിർത്താനും സഹായിക്കുമെന്നും ആർ.ബി.ഐ. പറയുന്നു.

വിപണിയിൽ പണലഭ്യത കൂടിയിട്ടുണ്ടെന്നും ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിന് നടപടിയുണ്ടാകുമെന്നും ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉയർത്തുന്നതിന് വിപണിയിൽനിന്ന് സർക്കാർ കടപ്പത്രങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ജി-സാപ് ലേലം നടത്തേണ്ട സാഹചര്യമില്ല. വിപണിയിൽ 13 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ദിവസവും തിരിച്ചെത്തുന്ന പണം ജൂലായ്-ഓഗസ്റ്റ് കാലത്ത് 7.7 ലക്ഷം കോടി രൂപയായിരുന്നത് ഓഗസ്റ്റ് -സെപ്റ്റംബർ കാലത്ത് ഒമ്പതുലക്ഷം കോടിയായി. ഒക്ടോബർ ആദ്യവാരമിത് 9.5 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. 14 ദിവസത്തെ വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലം വഴി അധികമുള്ള പണം പിൻവലിക്കും.

2026 മാർച്ച് 31 വരെ പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താൻ ആർ.ബി.ഐ. ലക്ഷ്യമിടുന്നു. ഇതിൽനിന്ന് രണ്ടുശതമാനം വരെ മുകളിലേക്കോ താഴേക്കോ ആകാം. ഓഗസ്റ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ പണപ്പെരുപ്പം കുറവായിരുന്നുവെന്നും ഇത് ആശ്വാസം പകരുന്നതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. നടപ്പു സാമ്പത്തികവർഷം പണപ്പെരുപ്പം 5.3 ശതമാനത്തിൽ തുടരുമെന്നാണ് ഇത്തവണയും വിലയിരുത്തൽ. അടുത്ത സാമ്പത്തികവർഷമിത് 5.2 ശതമാനമായി കുറഞ്ഞേക്കും. നേരത്തേ 5.7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. വളർച്ചനിരക്ക് 9.5 ശതമാനമാകുമെന്ന അനുമാനവും നിലനിർത്തി.