‘നവരാത്രി വ്രതസ്വാസ്യ

നൈവതുല്യാനി ഭൂതലേ’

നവരാത്രിവ്രതത്തിന്‌ തുല്യമായ മറ്റൊരു വ്രതമില്ല. എത്ര വലിയ മഹാപാപം ചെയ്തവനായാലും നവരാത്രി വ്രതവും പൂജയും അനുഷ്ഠിച്ചാൽ മുക്തനാകും. ഈ വ്രതാചരണത്താൽ അഭീഷ്ടസിദ്ധി നേടിയ ഒട്ടേറെപ്പേരുടെ ചരിത്രം ദേവീഭാഗവതത്തിൽ പറയുന്നുണ്ട്‌.

പണ്ട്‌ കോസലരാജ്യത്ത്‌ ദരിദ്രനായ ഒരു വൈശ്യനുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ്‌ അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്‌. സത്യസന്ധനും ധർമിഷ്ഠനുമായിരുന്ന അദ്ദേഹത്തിന്റെ ശീലഗുണംകൊണ്ട്‌ സുശീലൻ എന്നാണ്‌ എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്‌. ഒരു ദിവസം സുശീലൻ ശാന്തനും ജ്ഞാനിയുമായ ഒരു ബ്രാഹ്മണനോട്‌ തന്റെ ദാരിദ്ര്യമില്ലാതാക്കാനുള്ള മാർഗമെന്തെന്ന്‌ ചോദിച്ചു. നവരാത്രി വ്രതം അനുഷ്ഠിക്കാനുള്ള നിർദേശമാണ്‌ ബ്രാഹ്മണൻ കൊടുത്തത്‌. പൂജ, ഹോമം, അന്നദാനം എന്നിവ യഥാശക്തി ചെയ്താൽ ദാരിദ്ര്യമില്ലാതാകുമെന്നും ഉപദേശിച്ചു. സുശീലൻ ബ്രാഹ്മണന്റെ ഉപദേശപ്രകാരം നവരാത്രി വ്രതത്താൽ ദേവിയെ പൂജിച്ചു. പൂജകണ്ട്‌ സന്തോഷിച്ച്‌ ദേവി സുശീലന്‌ ദർശനംനൽകി. അഭീഷ്ടവരങ്ങൾ നൽകി. ദേവിയുെട അനുഗ്രഹത്താൽ സുശീലൻ ധനികനും സുഖിയുമായി.

ശ്രീനാരദമഹർഷിയുടെ ഉപദേശപ്രകാരം നവരാത്രിവ്രതം അനുഷ്ഠിച്ചതിനാലാണ്‌ ശ്രീരാമന്‌ രാവണനെ വധിച്ച്‌ സീതയെ വീണ്ടെടുക്കാൻ സാധിച്ചത്‌.

വിഷ്ണുവും ശിവനും ബ്രഹ്മാവും ഈ വ്രതം അനുഷ്ഠിച്ചതായി ദേവീഭാഗവതത്തിൽ പറയുന്നുണ്ട്‌. മധു എന്ന അസുരനെ കൊല്ലാനാണ്‌ വിഷ്ണു ഈ വ്രതം അനുഷ്ഠിച്ചത്‌. മഹാദേവൻ ത്രിപുരന്മാരെ വധിക്കാനും ദേവേന്ദ്രൻ വൃത്രാസുരനെ വധിക്കാനും ഈ വ്രതം ആചരിച്ചു. ദേവഗുരു ബൃഹസ്പതി ചന്ദ്രനാൽ അപഹൃതയായ ഭാര്യയെ തിരിച്ചുകിട്ടാനും ഈ വ്രതം അനുഷ്ഠിച്ചിട്ടുണ്ട്‌. വിശ്വാമിത്രൻ, കശ്യപൻ, വസിഷ്ഠൻ എന്നീ ഋഷീശ്വരന്മാരും ഈ വ്രതം അനുഷ്ഠിച്ചിട്ടുണ്ട്‌.

നമുക്കും സർവശക്തി സ്വരൂപിണിയും അഭീഷ്ടവരദായിനിയുമായ ദേവിയുടെ അനുഗ്രഹം ലഭിക്കാൻ പ്രാർഥിക്കാം.