്ദുബായ് : ഗാന്ധിജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ നടത്തിയ ‘ആസാദി കാ അമൃത്’ - വജ്രകാന്തി 2021 ആഗോളതല ക്വിസ് മത്സരം അധ്യാപകവിഭാഗത്തിൽ ദുബായ് ചാപ്റ്റർ മൂന്നാം സ്ഥാനം നേടി.

അധ്യാപകരായ ഫിറോസിയ ദിലീഫ് റഹ്മാൻ, സുനേഷ് കുമാർ എന്നിവരാണ് മികച്ച പ്രകടനത്തിലൂടെ ദുബായ് ചാപ്റ്ററിന്റെ അഭിമാനമായത്. ചാപ്റ്റർ തല വിജയികളിൽനിന്ന്, ആഗോളതല യോഗ്യതാമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആറു ചാപ്റ്ററുകളാണ് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് ഓൺലൈൻവഴി നയിച്ച ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.

പുതുച്ചേരി, തെലുങ്കാന ചാപ്റ്ററുകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

കുട്ടികളുടെ വിഭാഗത്തിൽ കുവൈത്ത്‌, മധ്യപ്രദേശ്, പുതുച്ചേരി ചാപ്റ്ററുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മലയാളം മിഷൻ ഡയറക്ടർ പ്രെഫ. സുജാ സൂസൻ ജോർജ് അധ്യക്ഷയായ പരിപാടിയിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മത്സരർഥികൾക്ക് ആശംസകൾനേർന്നു.

ദുബായ് ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തോടനുബന്ധിച്ച് വിജയികളെ അനുമോദിക്കുമെന്ന് സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു.