മുംബൈ : ഐ.എം.പി.എസ്. സേവനം വഴി ഒറ്റത്തവണ കൈമാറാവുന്ന തുകയുടെ പരിധി നിലവിലെ രണ്ടുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി റിസർവ് ബാങ്ക് വർധിപ്പിച്ചു. 24 മണിക്കൂറും തത്സമയ പണമിടപാട് നടത്താൻ സൗകര്യം നൽകുന്ന ഇമ്മീഡിയറ്റ് പേമെന്റ് സേവന സംവിധാനം (ഐ.എം.പി.എസ്.) നാഷണൽ പേമെന്റ് കോർപ്പറേഷനു (എൻ.പി.സി.ഐ.) കീഴിലാണ് പ്രവർത്തിക്കുന്നത്.

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ, ബാങ്ക് ശാഖകൾ, എ.ടി.എമ്മുകൾ, എസ്.എം.എസ്., ഐ.വി.ആർ.എസ്. വഴിയുള്ള ഇടപാടുകൾ ഐ.എം.പി.എസ്. സേവനം ഉപയോഗിച്ചാണ് നടക്കുന്നത്.

ഇതിൽ എസ്.എം.എസ്., ഐ.വി.ആർ.എസ്. സേവനങ്ങൾക്ക് പുതിയ പരിധി ബാധകമാകില്ല. രണ്ടുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് പുതിയ സൗകര്യം ലഭിക്കുകയും ചെയ്യും.

മറ്റു തീരുമാനങ്ങൾ

ഡിജിറ്റൽ പേമെന്റ് സേവന സൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ പേമെന്റ് സിസ്റ്റം ടച്ച് പോയന്റുകൾക്ക് ജിയോ ടാഗിങ് കൊണ്ടുവരും.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പ്രാധാന്യം മുൻനിർത്തി ഇവയ്ക്കായി ആഭ്യന്തര ഓംബുഡ്‌സ്മാൻ സംവിധാനം (ഇന്റേണൽ ഓംബുഡ്‌സ്മാൻ സ്‌കീം) കൊണ്ടുവരും. ബാങ്കുകളുടെയും ബാങ്കിതര പേമെന്റ് സംവിധാനങ്ങളുടെയും മാതൃകയിലാകും ഇതു നടപ്പാക്കുക.

ചെറു ബാങ്കുകൾക്ക് പണലഭ്യത ഉറപ്പാക്കാൻ 10,000 കോടി രൂപയുടെ പ്രത്യേക ദീർഘകാല റിപ്പോ ഓപ്പറേഷൻസ് 2021 ഡിസംബർ 31 വരെ തുടരും.