മുംബൈ : എ.ടി.എമ്മുകളിൽ നിശ്ചിതസമയത്തിൽ കൂടുതൽ പണമില്ലാതെ വന്നാൽ പിഴയീടാക്കാനുള്ള ഉത്തരവ് റിസർവ് ബാങ്ക് പുനഃപരിശോധിച്ചേക്കും.

ഇതുസംബന്ധിച്ച പ്രശ്നങ്ങൾ ബാങ്കുകൾ ചൂണ്ടിക്കാട്ടിയതായും ഉത്തരവ് പുനഃപരിശോധിച്ചു വരുന്നതായും ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കർ പറഞ്ഞു.മാസം പത്തുമണിക്കൂറിലധികം എ.ടി.എമ്മിൽ പണമില്ലാതിരുന്നാൽ 10,000 രൂപയാണ് പിഴ ചുമത്തുന്നത്. എ.ടി.എം. കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും മെഷീനുകളിൽ പണലഭ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം നടപ്പാക്കിയത്.

ഇതിൽ വിവിധതലത്തിൽനിന്ന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് രബിശങ്കർ പറഞ്ഞു. ചില പ്രദേശങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം പരിഗണിച്ച് ഉത്തരവ് പുനഃപരിശോധിച്ചു വരികയാണ്.