അബുദാബി : പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യാസ് ഐലന്റിൽ ലിങ്ക് ഓൺ-ഡിമാൻഡ് ബസ് സർവീസ് മേയ് 13 മുതൽ പ്രവർത്തനമാരംഭിക്കും. ഐ.ഒ.എസ്., ഗൂഗിൾ പ്ലേ സ്റ്റോറുകളിൽനിന്നും ലിങ്ക് ഓൺ-ഡിമാൻഡ് ആപ്പ് ഡൗൺലോഡ് ചെയ്ത് എളുപ്പം സേവനം ലഭ്യമാക്കാമെന്ന് സമഗ്ര ഗതാഗതകേന്ദ്രം (ഐ.ടി.സി.) അറിയിച്ചു.

പ്രാഥമികഘട്ടത്തിൽ സേവനം സൗജന്യമായിരിക്കും. ദിവസവും രാവിലെ ആറുമുതൽ രാത്രി 11 വരെയാണ് സേവനം ലഭിക്കുക. യാസ് ഐലന്റിലെ താമസക്കാർക്കും സന്ദർശകർക്കും മാളുകൾ, വിനോദവേദികൾ എന്നിവിടങ്ങളിലേക്ക് മികച്ചതും സൗകര്യപ്രദവുമായ രീതിയിൽ സഞ്ചരിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. വിവിധ ഹോട്ടലുകൾ, ഫെറാരി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് മാൾ, യാസ് വാട്ടർ വേൾഡ് എന്നിവയെയും മറ്റു വിനോദ സ്ഥലങ്ങൾ, പാർപ്പിട മേഖലകൾ, സമീപ പ്രദേശങ്ങളായ അൽ സീന, അൽ മുനീറ, അൽ-ബന്ദർ എന്നിവിടങ്ങളെയും ബന്ധിപ്പിച്ചാണ് സേവനം.

മൊബൈൽ ആപ്പ് വഴി യാത്ര ബുക്കുചെയ്യുന്നതുവഴി അതത് സ്ഥലങ്ങളിലേക്ക് മിനി ബസുകൾക്ക് എത്തിച്ചേരാനാവും. റൂട്ടുമാപ്പ് തെളിഞ്ഞുകാണുന്നതിനാൽ ആളുകൾക്ക് സമയമുറപ്പാക്കി സംശയമില്ലാതെ യാത്രനടത്താം. കാത്തിരിപ്പിനായി സമയവും കളയേണ്ടതില്ല. കയറുകയും ഇറങ്ങുകയും ചെയ്യേണ്ട ലൊക്കേഷനും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടക്കമുള്ള വിവരങ്ങളും ആപ്പിൽ പങ്കുവെക്കുകവഴി ഡ്രൈവർക്കും യാത്രികനും കാര്യങ്ങൾ എളുപ്പമാവും.

ഷഹാമയിൽ കഴിഞ്ഞവർഷം തുടക്കംകുറിച്ച ലിങ്ക് ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ വിജയത്തോടെയാണ് കൂടുതൽ ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ തീരുമാനമായത്.