ദുബായ് : അമ്മയെന്ന വാക്കിന് സർഗാത്മകമായ ഒരർഥംകൂടിയുണ്ടെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഡോ.വിദ്യാവിനോദ് എന്ന കണ്ണൂർ സ്വദേശിനി. ദുബായിയുടെ വളർച്ചയ്ക്കൊപ്പം വളരുന്ന ഒരമ്മ. മികച്ച അധ്യാപിക, സംരംഭക, വിദ്യാഭ്യാസ പ്രവർത്തക അതിലുപരി നല്ലൊരു ജീവകാരുണ്യ പ്രവർത്തക. യൂറോപ്പ്, ശ്രീലങ്ക, ഇന്ത്യ, യു.എ.ഇ. എന്നിവിടങ്ങളിൽ വിശാലമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന 20-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ യുവ സംരംഭകയുടെ സ്വന്തമാണെന്ന് പറയുമ്പോൾ ഓരോ മലയാളി അമ്മമാർക്കും അഭിമാനിക്കാം. ബ്രിട്ടീഷ് സ്കൂളുകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന കൗൺസിലർ കൂടിയാണ് വിദ്യ.

കേരളം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യ കംപ്യൂട്ടർ സയൻസിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. ''വിദേശ സർവകലാശാലകളുടെ ദുബായിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ദുബായിയുടെ സമ്പദ്‌വ്യവസ്ഥയെ ആനുപാതികമായി സ്വാധീനിക്കുന്നതിനെക്കുറിച്ചും'' നടത്തിയ ഗവേഷണത്തിനുശേഷം മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടി. ഈ വിഷയത്തിൽ, 2005-ൽ ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലെ (ഡി.എ.സി.) ആദ്യത്തെ വിദേശ സർവകലാശാലയുടെ പ്രവർത്തനത്തിന് വഴികാട്ടിയ ആദ്യ വനിതയായി. സംരംഭകയും അധ്യാപികയുമായ ഇവർ സ്റ്റഡി വേൾഡ് എജ്യൂക്കേഷൻ ഹോൾഡിങ് ഗ്രൂപ്പിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്.

സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്ന ഡോ. വിദ്യയ്ക്ക് യാത്രകളും പ്രിയം തന്നെ. കൂടാതെ ഇന്ത്യയിൽ വയോധികർക്കായി, പ്രത്യേകിച്ചും അനാഥരാക്കപ്പെടുന്ന അമ്മമാർക്കായി ആശ്രയ കേന്ദ്രങ്ങൾ നിർമിക്കുന്ന പ്രവർത്തനങ്ങളിലും സജീവമാണ്. ധ്വനി പുരസ്കാരം, ഏഷ്യൻ പുരസ്കാരം, ഇന്ത്യൻ എക്സ്പ്രസ് പുരസ്കാരം, ഇന്തോ അറബ് മികച്ച വനിതാ സംരംഭക പുരസ്കാരം, വനിതാ സംരംഭകയ്ക്കുള്ള അംഗീകാരം തുടങ്ങി ഇതിനകം നിരവധി പുരസ്കാരങ്ങളും തേടിയെത്തി. സ്ത്രീ ശാക്തീകരണത്തിന്റെ ആർജവത്തിൽ ഉയരങ്ങൾ കീഴടക്കുന്ന ഇവർ പുതുതലമുറയിലെ നിരവധി പേർക്ക് മാതൃകകൂടിയാണ്. ഭർത്താവ് വിനോദ് ബിസിനസ് സംരംഭത്തിന്റെ ഭാഗമാണ്. മക്കൾ: പൂജാ വിനോദ്, വീണാ വിനോദ്, വിഷ്ണു വിനോദ്, വിജയ് വിനോദ്.