അബുദാബി : സൗജന്യ പി.സി.ആർ. പരിശോധന സജീവമാക്കാൻ എഫ്.എൻ.സി. നിർദേശം. ഇത് ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് പരിശോധനാചെലവ് കുറയ്ക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. കമ്പനികളും വ്യക്തികളും സ്ഥിരമായി പി.സി.ആർ. പരിശോധനകൾക്കായി കൂടുതൽ പണം ചെലവഴിക്കുകയാണ്. കോവിഡ് പരിശോധനാ പരിധിയിലുൾപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവരുന്നത് കുറവാണെന്ന് എഫ്.എൻ.സി. ദുബായ് പ്രതിനിധി ഹമദ് അഹമ്മദ് അൽ റ്ഹൗമി ചൂണ്ടിക്കാട്ടി. പി.സി.ആർ. പരിശോധന ജനങ്ങളുടെ പ്രാഥമിക ആവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വിവിധ സർക്കാർ സേവനങ്ങൾക്കും ഓഫീസുകളിൽ പ്രവേശിക്കുന്നതിനും സ്കൂളുകളിലുമെല്ലാം പരിശോധനാഫലം നിർബന്ധമാണ്. ഇതിനായി കുടുംബങ്ങൾ ചെലവഴിക്കുന്ന തുക ഉയർന്നതാണെന്നും റ്ഹൗമി യോഗത്തിൽ പറഞ്ഞു.

കമ്പനികളും ഇതേ ആവശ്യത്തിനായി കൂടുതൽ പണം ചെലവഴിക്കുന്നുണ്ട്. ഇത് ഇൻഷുറൻസ് പരിധിയിൽ വന്നാൽ സഹായകരവും. ഈയൊരു സാഹചര്യത്തിൽ പരിശോധന പൂർണമായും സൗജന്യമാക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം ഇക്കാര്യം യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസിന്റെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ എല്ലാ കോവിഡ് കേസുകളുടെയും മെഡിക്കൽ ബില്ലുകൾ ഉൾക്കൊള്ളിക്കുന്ന ചുമതല ആരോഗ്യവകുപ്പ് ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളുമായ എല്ലാ രോഗികൾക്കും ചികിത്സാചെലവ് വഹിക്കാൻ മന്ത്രാലയം വൻതുക നൽകിയിട്ടുണ്ട്. 99 ശതമാനം കോവിഡ് പരിശോധനകളും സർക്കാർ സൗജന്യമായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണങ്ങളുള്ളവർക്കും വൈറസ് ബാധിതരുമായി ബന്ധപ്പെട്ടവർക്കും പരിശോധന സൗജന്യമാണ്. ഇത് വിപുലീകരിക്കാനുള്ള നടപടികൾ വിശദപഠനങ്ങൾക്ക് ശേഷം നടപ്പാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.