ദുബായ്: ഇന്ത്യയിൽനിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശനവിലക്ക് നീട്ടിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ ആശങ്കകളും നീളുന്നു. ഇത് മൂന്നാംതവണയാണ് പ്രവേശനവിലക്ക് നീട്ടുന്നത്. ഏപ്രിലിൽ തുടങ്ങിയ പ്രവേശനവിലക്ക് എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെപ്പേരും. പ്രതികൂല സാഹചര്യങ്ങളായിട്ടും അടുത്ത ബന്ധുക്കളുടെ മരണം ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്ക് നാട്ടിൽ പോയവരാണ് കുടുങ്ങിയവരിലേറെയും. വിസ കാലാവധി കഴിയാറായതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവരും എങ്ങിനെയെങ്കിലും യു.എ.ഇ.യിലെത്താൻ ശ്രമിക്കുകയാണ്.

നിലവിൽ വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ അനുകൂലമായ മാനുഷികപരിഗണന യു.എ.ഇ. അധികൃതരിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻപുരിയും കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിട്ടുണ്ട്. വിഷയം യു.എ.ഇ. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവപൂർവമായ തീരുമാനം ഉണ്ടാകുമെന്നും ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും അറിയിച്ചിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കെങ്കിലും യു.എ.ഇ.യിൽ എത്രയും പെട്ടെന്ന് എത്താനുള്ള സാഹചര്യമൊരുക്കണമെന്നാണ് പ്രവാസികളുടെ പ്രധാന അഭ്യർഥന. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.

നാട്ടിൽ കുടുങ്ങിയതോടെ യു.എ.ഇ.യിലെ സ്വന്തംസ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്നവരുമുണ്ട്. ദുബായിൽ സ്വന്തമായി ചെറിയ ടെക്‌സ്റ്റൈൽ ഷോപ്പ് നടത്തിയ എറണാകുളം പാലാരിവട്ടം സ്വദേശികളായ മുകേഷ്‌ലാലിനും കുടുംബത്തിനും നാട്ടിൽ കുടുങ്ങിയതോടെ ഷോപ്പ് പൂട്ടേണ്ടിവന്നു. നീണ്ടകാലത്തെ അധ്വാനവും വൻമുതൽമുടക്കും പാഴായ വിഷമത്തിലാണ് ഈ കുടുംബം. കൂടാതെ വിസാ കാലാവധി കഴിയാറായതും വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. നാട്ടിൽ കുടുങ്ങിയ ഒട്ടേരെ സ്ഥാപന ഉടമകൾ അടച്ചിടൽ ഉൾപ്പെടെ സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രധാനമായും വാടക അടയ്ക്കൽ, കരാർ പുതുക്കൽ, വിസ പുതുക്കൽ ഇവയെല്ലാം വൈകുന്നത് സ്ഥാപന നടത്തിപ്പിനെ കാര്യമായി ബാധിക്കും.

കോവിഡ് വെല്ലുവിളികൾക്കിടയിലും നിർബന്ധിത സാഹചര്യത്തിൽ ഏപ്രിൽ ആദ്യവാരം നാട്ടിലേക്കുപോയ മലപ്പുറം പൊന്നാനി സ്വദേശി ഷാജി ഹനീഫിനും കുടുംബത്തിനും പ്രവേശനവിലക്ക് ഇരുട്ടടിയായി. യു.എ.ഇ.യിൽ അപ്പോൾ വിമാനവിലക്കില്ലാത്തതിനാൽ പെട്ടെന്ന് തിരിച്ചെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ദുബായിൽ സ്വന്തമായി സ്ഥാപനങ്ങൾ നടത്തുകയാണ് ഷാജി. നാട്ടിലെത്തി മൂന്നാംദിവസം ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ചു. മക്കളെ പ്രവേശനവിലക്ക് നിലവിൽ വരുന്നതിന് തൊട്ടുതലേന്ന് ദുബായിലേക്ക് വിട്ടു. ദുബായിലെ സ്ഥാപനങ്ങളിലൊന്നിലെ 15 ജീവനക്കാരും നാട്ടിൽകുടുങ്ങി. മറ്റൊരു സ്ഥാപനത്തിലെ നാലുപേർക്കും കോവിഡ് ബാധിച്ചു. മറ്റ് പ്രശ്നങ്ങളും അലട്ടുന്നതിനാൽ എത്രയുംപെട്ടെന്ന് ദുബായിലെത്താനുള്ള ശ്രമത്തിലാണ് ഷാജി.

അതേസമയം വിമാനസർവീസുകൾ എന്ന് തുടങ്ങുമെന്നറിയാൻ ഏറെ അന്വേഷണങ്ങളാണ് ട്രാവൽ ഏജന്റുമാർക്ക് ദിവസവും ലഭിക്കുന്നത്. നിലവിൽ യു.എ.ഇ. വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യു.എ.ഇയിലേക്ക് പോകാമെന്നതാണ് ഇപ്പോളുള്ള ഏക സാധ്യത. ഇതിന് ചെലവേറും.