അബുദാബി : മാനസികവെല്ലുവിളി നേരിടുന്നവരുടെ അവകാശ ലംഘനത്തിന് രണ്ടുലക്ഷം ദിർഹംവരെ പിഴ ചുമത്തിക്കൊണ്ട് യു.എ.ഇ. കരടുനിയമം പുറത്തിറക്കി. ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ് ശിക്ഷ കടുപ്പിക്കാൻ തീരുമാനമായത്.

മാനസികാസ്വാസ്ഥ്യം പ്രകടമാക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കുടുംബാംഗങ്ങളടക്കമുള്ള ആളുകൾക്കെതിരേ നടപടികളുണ്ടാവും. ഒരു വ്യക്തിയെ മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിക്കുന്നതിനോ പുറത്തേക്ക് കൊണ്ടുവരുന്നതിനോ വ്യാജ രേഖകളുണ്ടാക്കുന്നവർക്കെതിരേയും നിയമം കർശനമാക്കും. മാനസികവെല്ലുവിളി നേരിടുന്ന ആളെ മനഃപൂർവം അവഗണിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ഒരുവർഷംവരെ തടവും ഒരുലക്ഷം ദിർഹംവരെ പിഴയും ചുമത്തും.

ഒരാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്കയക്കാൻ തെറ്റായ ശ്രമങ്ങൾ നടത്തിയാൽ മൂന്നുമാസംവരെ തടവും 50,000 മുതൽ ഒരുലക്ഷംവരെ ദിർഹം പിഴയുമാണ് ശിക്ഷ. മാനസികവെല്ലുവിളി നേരിടുന്നവർക്ക് പരിചരണമേകാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും ഈ നിയമം കരുത്തേകും. ഇത്തരം കുറ്റകൃത്യങ്ങൾ മനസ്സിലാക്കി നടപടികൾ കൈക്കൊള്ളുന്നതിനും ഇരകൾക്ക് സംരക്ഷണമുറപ്പാക്കുന്നതിനും എമിറേറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക കമ്മിറ്റി രൂപവത്‌കരിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ജനങ്ങൾക്ക് മാനസിക പരിചരണം ഉറപ്പാക്കുന്നതിനും അതിലൂടെ സ്ഥിരതയുള്ള സാമൂഹിക നിർമിതിയുമാണ് ലക്ഷ്യമിടുന്നതെന്ന് എഫ്.എൻ.സി. ആരോഗ്യ, പരിസ്ഥിതികാര്യവകുപ്പ് സെക്കൻഡ്‌ ഡെപ്യൂട്ടി ചെയർമാൻ നയിമ അബ്ദുല്ല അൽ ഷർഹാൻ പറഞ്ഞു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.