ദുബായ് : റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) ദുബായ് ടാക്സി കോർപ്പറേഷൻ (ഡി.ടി.സി.) ആപ്പിൽ പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്തു.

പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ടാക്സി, ലേഡീസ് ആൻഡ് ഫാമിലി ടാക്സി, എയർപോർട്ട് ടാക്സി എന്നിങ്ങനെയുള്ള സേവനങ്ങളാണ് പുതുതായി ചേർത്തിരിക്കുന്നത്. ആഡംബര ലിമോസിൻ സേവനങ്ങളും 2019- ൽ ആപ്പ് ആരംഭിച്ചതിനുശേഷം ചേർത്തിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുതിയ സേവനങ്ങൾ നൽകുന്നതെന്ന് ഡി.ടി.സി ഓപ്പറേഷൻ ആൻഡ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് ഡയറക്ടർ അബ്ദുല്ല അൽമീർ പറഞ്ഞു.

ആവശ്യമായ തിയതിയിലും സമയത്തിലും മുൻകൂട്ടി ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. യാത്ര തുടങ്ങുന്നതിന് മുൻപായി നിരക്ക് കണക്കാക്കാനുമാകും. ക്രെഡിറ്റ് കാർഡ്, ഇ-വാലറ്റ് അല്ലെങ്കിൽ നേരിട്ട് പണം നൽകിയും നിരക്ക് അടയ്ക്കാനുള്ള നിരവധി സൗകര്യങ്ങളുണ്ട്. സേവനത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാനും വാഹനത്തിൽ എന്തെങ്കിലും മറന്നുവെച്ചാലും 8009090 എന്ന നമ്പർ വഴിയോ ask@rta.ae എന്ന ഇ-മെയിൽ വിലാസത്തിലോ അന്വേഷിക്കാം. 2021 ആദ്യപാദത്തിൽ ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തിൽ ഡി.ടി.സി. 100 ശതമാനം മികവ് പുലർത്തിയതായും അബ്ദുല്ല അൽമീർ വ്യക്തമാക്കി.