ഷാർജ : കെ.പി.സി.സി. യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരൻ എം.പി.യുടെ സ്ഥാനാരോഹണത്തിൽ പ്രവാസനാട്ടിലും അനുഭാവികൾ ആഹ്ളാദം പങ്കിട്ടു. കെ. സുധാകരൻ പ്രസിഡന്റ് ആയെന്ന വിവരം വന്നതോടെ യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിലുള്ള അനുയായികൾ ഒത്തുകൂടിയായിരുന്നു ആഹ്ളാദം പങ്കുവെച്ചത്.

ഇൻകാസ് പ്രവർത്തകരും കെ. സുധാകരന്റെ ആരാധകരുടെ സൈബർ കൂട്ടായ്മയായ കെ.എസ്. ബ്രിഗേഡും ഒത്തുചേർന്നായിരുന്നു കേക്ക് മുറിച്ച് സന്തോഷിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ജോലിയിൽനിന്ന് അവധിയെടുത്തായിരുന്നു പലരും ആഘോഷത്തിൽ പങ്കെടുത്തത്. ദുബായിൽ ചേർന്ന ആഘോഷത്തിൽ അഡ്വ.ടി.കെ. ഹാഷിക്, അജിത് കണ്ണൂർ, അനന്തൻ മയ്യിൽ, ഷംസുദ്ദീൻ മുണ്ടേരി, അജിത അജ്മാൻ, നളിനി അനന്തൻ, ഷഹീൻ ടി.കെ. തുടങ്ങിയവർ പങ്കെടുത്തു. ഇൻകാസ് യു.എ.ഇ. കമ്മിറ്റി ഭാരവാഹികളായ ടി.എ. രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദാലി, ഷാർജ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം തുടങ്ങിയവരും കെ. സുധാകരന് പിന്തുണ അറിയിച്ചു.

കോൺഗ്രസ് പ്രവർത്തകർ ഈ ആഴ്ച യു.എ.ഇ.യിൽ കെ. സുധാകരനെ അനുമോദിച്ചുകൊണ്ട് വിവിധയിടങ്ങളിൽ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്‌.