ദുബായ് : 2021-22 അധ്യയനവർഷത്തിൽ ദുബായിൽ പത്ത് പുതിയ സ്കൂളുകൾ ആരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) പ്രഖ്യാപിച്ചു. അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 14,671 പുതിയ സീറ്റുകൾ സ്കൂളുകൾ ആരംഭിക്കുന്നതോടെ കൂട്ടിച്ചേർക്കും.

തിലാൽ അൽ ഗഫ്, വർഖ, കരാമ, ബർഷ, സിറ്റി വാക്ക്, മിർഡിഫ്, നാദ് അൽ ഷെബ, അൽ ഖവാനീജ്, റാഷിദിയ എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ. രക്ഷിതാക്കളിൽനിന്നുള്ള നിരന്തര ആവശ്യങ്ങൾ കണക്കിലെടുത്ത് ഇവിടെ ഓസ്ട്രേലിയൻ, യു.കെ., യു.എസ്., ഐ.ബി. പാഠ്യപദ്ധതികളാണ് ഉണ്ടാവുക. കൂടാതെ ബ്രിട്ടനിലെ 500 വർഷം പഴക്കമുള്ള റോയൽ ഗ്രാമർ സ്കൂൾ ഗിൽഡ്‌ഫോഡിന്റെ ആദ്യ ദുബായ് കാമ്പസ് ഈ വർഷം അവസാനം തുറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ദുബായിലെ മൊത്തം അന്താരാഷ്ട്ര സ്കൂൾ ബ്രാഞ്ചുകളുടെ എണ്ണം ഏഴാകും. ആഗോളവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായുടെ വളർച്ചയെ കൂടുതൽ ഏകീകരിക്കാനാണ് ശ്രമങ്ങളെന്ന് കെ.എച്ച്.ഡി.എ. പെർമിറ്റ്‌സ് ആൻഡ് കംപ്ലയിൻസ് സി.ഇ.ഒ. മുഹമ്മദ് ഡാർവിഷ് പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 25 പുതിയ സ്വകാര്യ സ്കൂളുകൾ ദുബായിൽ തുറന്നു. 2020-21 വർഷത്തിൽ സ്കൂൾ പ്രവേശനത്തിൽ 2.6 ശതമാനം വളർച്ച നേടിയതായും ഏറ്റവും പുതിയ റിപ്പോർട്ടിൽ കെ.എച്ച്.ഡി.എ. വ്യക്തമാക്കുന്നു.