അബുദാബി : കേരള സോഷ്യൽ സെന്റർ പത്തുവർഷമായി നടത്തിവരുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ സ്മരണ പുതുക്കി ‘ഓർമയിലെ ഫസ്റ്റ് ബെൽ’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കെ.എസ്.സി. ഫേസ്ബുക്ക് പേജിൽ ഓൺലൈനായി ജൂൺ 10,11,12 തീയതികളിൽ രാത്രി എട്ടുമണിക്ക് പരിപാടി നടക്കും. കേരളത്തിനുപുറത്തെ ഏറ്റവുംവലിയ നാടകോത്സവം എന്നറിയപ്പെടുന്ന ഭരത് മുരളി നാടകോത്സവം കോവിഡ് പശ്ചാത്തലത്തിൽ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി നാടക പ്രേമികൾക്കായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. യു.എ.ഇ. മലയാള നാടക ചരിത്രം, കഴിഞ്ഞ പത്തുവർഷക്കാലത്തെ ഭരത് മുരളി നാടകങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി, നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ, സമ്മാനാർഹരായ സംവിധായകരുടെയും നടീനടന്മാരുടെയും അഭിപ്രായങ്ങൾ, സെന്റർ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടക ഗാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ജൂൺ 10-ന് രാത്രി എട്ടുമണിക്ക് കവിയും നാടക പ്രവർത്തകനുമായ കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടികൾ കാണാം https://www.facebook.com/kscauh