റിയാദ് : സൗദി അറേബ്യയ്ക്ക് പുറത്തുനിന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സൗദി പൗരന്മാർക്കും പ്രവാസികൾക്കും തവക്കൽന ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്താനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷകർ നൽകിയ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം. സ്വദേശികൾ തിരിച്ചറിയൽ രേഖയും പ്രവാസികൾ ഇഖാമയും (താമസാനുമതി പത്രം) നൽകണം. വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് പി.ഡി.എഫ്. ഫോർമാറ്റിലാകണം.

വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലെങ്കിൽ അറബിയിലേക്ക് വിവർത്തനം ചെയ്തതോ ആകണം. സർട്ടിഫിക്കറ്റിൽ വാക്സിന്റെ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് പുറമേ അപേക്ഷകർ പാസ്പോർട്ട് കോപ്പിയും സമർപ്പിക്കേണ്ടതുണ്ട്. ഒരു അപേക്ഷയുടെ നടപടികൾ പൂർത്തിയാകുവാൻ അഞ്ച് പ്രവൃത്തി ദിവസങ്ങൾവരെ വേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു. ഫൈസർ ബയോഎൻടെക്, മൊഡേണ, ഓക്സ്ഫഡ് അസ്ട്രാസെനിക്ക, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ച വാക്സിനുകൾ.

ഇന്ത്യയിലെ കോവീഷീൽഡ് വാക്സിന് സമാനമാണ് സൗദിയിലുള്ള ഓക്സ്ഫഡ് അസ്ട്രാസെനിക്ക.