ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച 10 വിദൂര തൊഴിൽ ഹബുകളിൽ ദുബായ് ഇടംനേടി. അമേരിക്കൻ നഗരങ്ങളോടൊപ്പമാണ് ഈ രംഗത്തെ ദുബായിയുടെ സ്ഥാനം. നോമാഡ് സോഷ്യൽ നെറ്റ്‌വർക്കിങ് വിശകലനമനുസരിച്ച് മൂന്ന് മെക്സിക്കൻ നഗരങ്ങൾക്കുശേഷം അതിവേഗം വളരുന്ന ആറാമത് നഗരമായാണ് ദുബായ് ഇടംപിടിച്ചിരിക്കുന്നത്.

ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവർക്ക് യു.എ.ഇ. കഴിഞ്ഞ മാർച്ചിലാണ് പ്രത്യേക വിസ അനുവദിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് അതേ ജോലി യു.എ.ഇ.യിൽ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വെർച്വൽ തൊഴിൽ വിസകൾ അനുവദിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എല്ലാ രാജ്യക്കാർക്കും യു.എ.ഇ.യിൽ വെർച്വൽ വിസയ്ക്ക് അപേക്ഷിക്കാം. ജോലിചെയ്യുന്ന സ്ഥാപനം ലോകത്ത് എവിടെയുമാകാം. യു.എ.ഇ.യിലെ സ്ഥാപനമാവണമെന്ന് നിർബന്ധമില്ല. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പിൾ എൻട്രി സാധ്യമാവുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കാനുള്ള തീരുമാനവും ലോകത്തെ നമ്പർവൺ രാജ്യങ്ങളോടൊപ്പമെത്താൻ ദുബായിയെ സഹായിച്ചു.