ദുബായ് : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിലാണ് യു.എ.ഇയിലെ ഭരണാധികാരികൾ. പ്രവാസികൾക്ക് ഉൾപ്പെടെ സഹായങ്ങൾ നൽകാൻ അധികാരികൾ എന്നും ശ്രദ്ധചെലുത്താറുമുണ്ട്. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദുബായിൽ പുതിയൊരു ആശുപത്രി ഉയരാൻ പോകുന്നത്. അർബുദ പ്രതിരോധം, രോഗനിർണയം, ചികിത്സ തുടങ്ങി അർബുദ രോഗികൾക്ക് മികച്ച പരിചരണമൊരുക്കാനായി ചാരിറ്റി ഹോസ്പിറ്റൽ 2023-ൽ ഉയരും.

ആശുപത്രി സ്ഥാപിക്കുന്നതിനായി 22 കോടി ദിർഹം ഇതിനകം സമാഹരിച്ചുകഴിഞ്ഞു. അൽ ജലീല ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സൺ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ പേരിലാണ് യു.എ.ഇയിലെ ആദ്യ ചാരിറ്റി ആശുപത്രി നിർമിക്കുക. 250 കിടക്കകളുള്ള ഹംദാൻ ബിൻ റാഷിദ് കാൻസർ ചാരിറ്റി ഹോസ്പിറ്റലിനായി അൽ ജലീല ഫൗണ്ടേഷൻ പ്രത്യേകം 75 കോടി ദിർഹവും നിക്ഷേപിച്ചു. 50,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ആശുപത്രി രണ്ട് ഘട്ടങ്ങളായാണ് നിർമാണം പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ 150 കിടക്കകളാണ് ഉണ്ടാവുക. ഇവിടെ പ്രതിവർഷം 30,000 രോഗികൾക്ക് ചികിത്സാസൗകര്യമൊരുക്കും. ആദ്യഘട്ടം നിർമാണം പൂർത്തിയാക്കാൻ അൽ ജലീല ഫൗണ്ടേഷന് 48 കോടി ദിർഹം വേണ്ടിവരും.