അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം എന്നിവയ്ക്കെതിരേ കർശനനടപടികളുമായി യു.എ.ഇ. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയിടുന്നതിനായി ഏകീകൃത േഡറ്റാബേസിൽ കമ്പനികളുടെ ഉടമസ്ഥാവകാശവിവരങ്ങൾ രേഖപ്പെടുത്തും. സുരക്ഷാ ഏജൻസികൾ, പോലീസ്, എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ നിരീക്ഷണത്തിലാവും ഈ സംവിധാനം പ്രവർത്തിക്കുക. കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരേ രാഷ്ട്രങ്ങൾ തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനങ്ങൾക്കും വിവരകൈമാറ്റത്തിനും ഈ േഡറ്റാബേസ് പ്രയോജനപ്പെടുത്തും.

ഒരു കമ്പനിയുടെ 25 ശതമാനം ഓഹരിയോ 25 ശതമാനം വോട്ടിങ് സ്വാധീനമോ ഉള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനോ നീക്കംചെയ്യാനോ സ്വാധീനമുള്ളവരുടെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തുക. പേര്, ലിംഗം, പാസ്‌പോർട്ട് രേഖകൾ, രാജ്യം, ഇ-മെയിൽ, താമസകേന്ദ്രത്തിന്റെ വിലാസം എന്നിവയടക്കം ഇതിലുൾപ്പെടുത്തും.

2020 കാബിനറ്റ് തീരുമാനം പ്രകാരം ഉടമസ്ഥാവകാശ വിവരങ്ങൾ നൽകാതിരിക്കുന്നത് അന്താരാഷ്ട്രനിയമമനുസരിച്ചുള്ള നടപടികൾക്ക് കാരണമാവും. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഈ നടപടി വലിയ സ്വാധീനം ചെലുത്തുമെന്ന് കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം നൽകൽ എന്നിവ തടയുന്നതിനായി പ്രവർത്തിക്കുന്ന വകുപ്പ് എക്സിക്യുട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് അൽ സാബി പറഞ്ഞു. ദേശീയ, അന്തർദേശീയതലങ്ങളിൽ കള്ളപ്പണ, ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരേ യു.എ.ഇ. നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തേകുന്നതോടൊപ്പം ബിസിനസ് രംഗത്തെ സുതാര്യത ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്രസഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തുക.