ദുബായ് : ആരെയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ പങ്കുവെച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. വലിയ സ്വപ്നങ്ങൾ എന്നും മുറുകെപ്പിടിക്കാൻ ആദ്യകാലങ്ങളിൽ പ്രചോദനമായ ജീവിതപാഠങ്ങളെക്കുറിച്ച് ട്വിറ്ററിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളത്തിനുമുകളിൽ മണലുകൊണ്ട് കൊട്ടാരം പണിയുമ്പോൾ തന്നെ നോക്കിച്ചിരിച്ച കൂട്ടുകാരുണ്ടായിരുന്നു. ഒഴുകുന്ന വെള്ളം ആ ചെറുനിർമിതികളെ ഒഴുക്കിനൊപ്പം നീക്കിയെങ്കിലും ഭാവിയിലെ കാഴ്ചപ്പാടുകൾക്ക് ശക്തമായ അടിത്തറ പാകുകയായിരുന്നു അന്നത്. ഇന്ന് പാം ജുമൈറ, ദേര ഐലൻഡ്, പാം ജെബെൽ അലി എന്നിവിടങ്ങളിലെ വിസ്മയക്കാഴ്‌ചകൾ കണ്ട് ആശ്ചര്യപ്പെടാൻ അതേ സുഹൃത്തുക്കളുമായാണ് എത്തിയത്. ചെറുപ്പത്തിൽ ഈ കടൽത്തീരത്താണ് ഞങ്ങൾ കളിച്ചത്. സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള സ്ഥിരോത്സാഹമാണ് ഇന്നത്തെ ദുബായിയെ വാർത്തെടുത്തത്. 20 വർഷമെടുത്തു പാം ജുമൈറയിലെ നിർമിതികളുടെ പൂർത്തീകരണത്തിന്. എല്ലാവരെയും ചേർത്തുനിർത്തുന്ന ഏകീകൃതമായ കാഴ്ചപ്പാടാണ് യു.എ.ഇ.യെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.