ദുബായ് : ബാങ്ക് അനുബന്ധ സ്വകാര്യ വിവരങ്ങൾ ഫോണിൽ വിളിക്കുന്നവരുമായി ഒരിക്കലും പങ്കുവെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയുടെ പശ്ചാത്തലത്തിലാണ് പോലീസ് കർശന മുന്നറിയിപ്പ് നൽകിയത്.

പോലീസ്, ബാങ്ക്, സുരക്ഷാ ഏജൻസികൾ ഈ വിഷയത്തിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ആളുകൾ വീണ്ടും തട്ടിപ്പിനിരയാക്കപ്പെടുന്നത് ശ്രദ്ധക്കുറവുമൂലമാണ്. രാജ്യത്തിന് പുറത്തുനിന്നുള്ള തട്ടിപ്പുസംഘങ്ങളും സജീവമായി രംഗത്തുണ്ട്. ഈ വിഷയം പൊതുജനങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ദുബായ് പോലീസ് സൈബർ ക്രൈം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല അൽ സെഹി പറഞ്ഞു.

മുതിർന്ന പൗരന്മാരെയാണ് തട്ടിപ്പുസംഘങ്ങൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. പോലീസ്, സർക്കാർ പ്രതിനിധികൾ എന്ന വ്യാജേനെയും ഒട്ടേറെപ്പേർക്ക് കോളുകൾ ലഭിക്കുന്നുണ്ട്. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും പോലീസും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിച്ച് ഒരിക്കലും ഫോൺകോളുകൾ ചെയ്യുകയില്ലെന്നും പോലീസ് മേധാവി അറിയിച്ചു. അക്കൗണ്ടുകൾ റദ്ദ് ചെയ്യും, പിഴകൾ ചുമത്തും തുടങ്ങിയ കാര്യങ്ങൾ അറിയിച്ച് ലഭിക്കുന്ന എസ്.എം.എസുകളോട് പ്രതികരിക്കരുത്. ഡെബിറ്റ് കാർഡ് നമ്പറുകളും പിൻ നമ്പറുകളും ഒരിക്കലും പങ്കുവെക്കരുത്. ഇതിനുപുറമെ നേരിട്ട് പണമപഹരിക്കുന്ന രീതികളും സംഘങ്ങൾ പിന്തുടരുന്നുണ്ട്. മസാജ് സർവീസുകൾ വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ അയക്കുന്ന രീതിയാണിത്. ഇതിനോട് പ്രതികരിക്കുന്നവരിൽനിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, പിൻ വിവരങ്ങൾ അറിഞ്ഞ് അക്കൗണ്ടുകളിൽനിന്ന് പണം അപഹരിക്കുന്നതായി ദുബായ് പോലീസ് സി.ഐ.ഡി. വിഭാഗം ഡയറക്ടർ ജമാൽ സലിം അൽ ജലാഫ് പറഞ്ഞു.

ഇലക്ട്രോണിക് കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതാണ് ഇതിനെതിരെയുള്ള പ്രാഥമിക പ്രവർത്തനമെന്ന് ഷാർജ പോലീസ് സി.ഐ.ഡി. വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ സായിദ് ഖൽഫാൻ അൽ നഖ്‌ബി പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ക്രെഡിറ്റ് കാർഡിൽനിന്ന് 9300 ദിർഹം നഷ്ടമായതായി ദിവസങ്ങൾക്ക് മുമ്പ് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ ആശുപത്രി അക്കൗണ്ട്സ് ജീവനക്കാരനും ശുചീകരണത്തൊഴിലാളിയും ചേർന്നാണ് കളവ് നടത്തിയതെന്ന് തെളിഞ്ഞു. ഇത്തരത്തിൽ വ്യക്തികളുടെ വിശ്വാസമാർജിച്ചുകൊണ്ടും തട്ടിപ്പുകൾ നടക്കാം. പൊതുജനങ്ങൾ ഇതേക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്ന് പോലീസ് മേധാവി വ്യക്തമാക്കി.

ഏറ്റവുമൊടുവിൽ അജ്മാനിൽ മുതിർന്ന സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും പണമപഹരിച്ച സംഘം പോലീസ് പിടിയിലായിരുന്നു. ബാങ്ക് പ്രതിനിധിയെന്ന വ്യാജേന വിളിച്ച് വിവരങ്ങൾ അറിഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

10,000 ദിർഹമാണ് ഇവർക്ക് നഷ്ടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ത്രീയടക്കം മൂന്ന് ഏഷ്യൻ വംശജരെ അറസ്റ്റുചെയ്തു. തുടരന്വേഷണത്തിൽ ഇവർ 28 ലക്ഷം ദിർഹത്തിന്റെ തട്ടിപ്പ് സമാനരീതിയിൽ നടത്തിയതായി കണ്ടെത്തിയതായി അജ്‌മാൻ പോലീസ് സി.ഐ.ഡി. വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അഹമ്മദ് സായിദ് അൽ നുഐമി അറിയിച്ചു.