അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബിയുടെ മൂന്നാമത് അച്ചീവ്‌മെന്റ് പുരസ്കാരം ഫഹ്മിദാ ഗഫൂറിന് സമ്മാനിച്ചു. സൗഹൃദവേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ മക്കളിൽനിന്ന് പത്താംതരത്തിൽ ഏറ്റവുംമികച്ച വിജയംനേടുന്ന കുട്ടിക്കാണ് അവാർഡ് നൽകുന്നത്. എല്ലാ വിഷയത്തിലും ഉയർന്ന ശതമാനത്തോടെ എ പ്ലസ് നേടിയാണ് ഫഹ്മിദ അവാർഡിന് അർഹയായത്. 5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സൗഹൃദവേദി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം അബ്ദുൾ ഗഫൂറിന്റെയും ദലീലയുടെയും മകളാണ് ഫഹ്മിദ. പെരുമ്പ സ്വദേശിനി ഫഹ്മിദ പയ്യന്നൂർ സെയ്ന്റ്മേരീസ് കോൺവെന്റ് വിദ്യാലയത്തിലാണ് പത്താംതരം പരീക്ഷയെഴുതിയത്. വിവിധ പരീക്ഷകളിൽ മികച്ച വിജയംനേടിയ മറ്റുകുട്ടികളെയും അഭിനന്ദിച്ചു.

സാമൂഹിക പ്രവർത്തകൻ വി.ടി.വി. ദാമോദരൻ ഫഹ്മിദാ ഗഫൂറിന് പ്രശസ്തിഫലകം സമ്മാനിച്ചു. സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് യു. ദിനേശ് ബാബു കാഷ് അവാർഡ് സമ്മാനിച്ചു. ഗോൾഡൻ വിസ നേടിയ വി.ടി.വി. ദാമോദരന് കെ.കെ. ശ്രീവത്സനും രാജേഷ് കോടൂരും ചേർന്ന് ഉപഹാരം സമർപ്പിച്ചു. നാട്ടിൽനിന്നെത്തിയ റിട്ട. അധ്യാപകനും പൊതുപ്രവർത്തകനുമായ എ.കെ.പി. വിശ്വനാഥൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.