ദുബായ് : എക്സ്പോയിലെ ദുബായ് ജലവൈദ്യുത അതോറിറ്റിയുടെ (ദേവ) പവലിയനിൽ മൂന്നുമാസത്തിനിടെ സന്ദർശനം നടത്തിയത് മൂന്നുലക്ഷത്തിലധികം ആളുകൾ. 2021 ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ദേവ വ്യക്തമാക്കിയത്. 3,38,833 ആളുകൾ പവലിയൻ സന്ദർശിച്ചു.

നൂതനാശയത്തിലുള്ള ദേവ പദ്ധതികൾ സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതികളെന്ന് ദേവ വിശദമാക്കി. ദേശീയ അന്തർദേശീയ തലങ്ങളിലെ സ്വകാര്യ പൊതുമേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർഥികളും സന്ദർശകരിൽ ഉൾപ്പെടും. യു.എ.ഇ. ദേശീയദിനത്തിന്റെ ഭാഗമായി 2021 ഡിസംബർ രണ്ടിന് സംഘടിപ്പിച്ച പ്രത്യേക ആഘോഷപരിപാടികളിൽമാത്രം പവലിയനിലെത്തിയത് 23,400 സന്ദർശകരാണ്. നൂതന സാങ്കേതികതയിലൂന്നിയ സുസ്ഥിരപദ്ധതികളാണ് ദേവ പവലിയനിൽ അവതരിപ്പിക്കുന്നത്. സന്ദർശകർക്കും പ്രസ്ഥാനങ്ങൾക്കും അറിവുകൾ പകരുന്നതായിരുന്നു ഇത്.

നാലാം വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായുള്ള ശുദ്ധ, പുനരുത്പാദക ഊർജസങ്കേതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളും ദേവയുടേതായുണ്ട്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളാർ പാർക്ക് പദ്ധതികളും സന്ദർശകർക്കുമുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.