മക്ക : അനുമതിയില്ലാതെ ഹജ്ജ് കർമത്തിനെത്തുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. അനധികൃത ഹജ്ജ് കർമത്തിന് വഴിയൊരുക്കുന്നവർക്കും കടുത്ത ശിക്ഷ നൽകും. നിയമലംഘകർക്കുള്ള പുതിയ ശിക്ഷകളുടെ കരടുനിയമാവലി മന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതുസമൂഹം, വിദഗ്ധർ, ഹജ്ജ് സേവനമേഖലയിലെ സേവകർ എന്നിവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുംവേണ്ടിയാണ് കരട് പ്രസിദ്ധീകരിച്ചത്.

നാഷണൽ കോംപറ്റിറ്റീവ്‌നസ് സെന്ററിനുകീഴിലുള്ള പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിലാണ് ഇത് പരസ്യപ്പെടുത്തിയത്. നിയമാവലിയിൽ അഭിപ്രായ, നിർദേശങ്ങൾ അറിയിക്കാൻ 30 ദിവസം അനുവദിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ ഹജ്ജിനുപോകുന്നത് തടയാനും ഹജ്ജിനിടയിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കുറയ്ക്കുകയുമാണ് ആഭ്യന്തര മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹജ്ജ് കർമങ്ങൾ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ പ്രവേശിച്ചാൽ 15,000 റിയാലാണ് പിഴ. അതോടൊപ്പം ഹജ്ജ് നിർവഹിച്ചതായി കണക്കാക്കുകയും ചെയ്യും. ഹജ്ജ് വേഷമായ ഇഹ്‌റാമിൽ മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും പ്രവേശനകവാടങ്ങളിൽവെച്ചും ഹറമൈൻ റെയിൽവേ സ്റ്റേഷനിൽവെച്ചും പിടികൂടിയാൽ 10,000 റിയാൽ പിഴ ചുമത്തും. ഇത്തരക്കാരെ പിടികൂടിയാൽ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കാതെ തിരിച്ചയക്കും.