അബുദാബി : യു.എ.ഇ.യിലെ പുതിയ വാരാന്ത്യത്തിൽ സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് മോട്ടോർ സൈക്കിൾ അഭ്യാസം നടന്നു.

സന്ദർശകരിൽ കൗതുകം നിറയ്ക്കുന്ന അതിസാഹസിക പ്രകടനങ്ങളാണ് മോട്ടോർ സൈക്കിൾ സംഘം നടത്തിയത്. ഫെസ്റ്റിലെ പ്രധാന കവാടത്തോട് ചേർന്നുനിൽക്കുന്ന വലിയ ലൈറ്റ് ടവറിന് വശങ്ങളിലുള്ള ട്രാക്കിലായിരുന്നു അഭ്യാസം. പ്രത്യേകമായി സജ്ജമാക്കിയ ഇവിടെ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ മോട്ടോർസൈക്കിളുകൾ ആവേശക്കാഴ്ചയായി. ‘എക്സ്ട്രീം വീക്കെൻഡ്സ്’ എന്നപേരിൽ ഏറെ പ്രത്യേകതകളോടുകൂടിയ പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ മോട്ടോർസൈക്കിൾ റൈഡർമാരാണ് പ്രകടനങ്ങൾ നടത്തുന്നത്. മോട്ടോർസൈക്കിളുകൾക്ക് പുറമെ മാറ്റുവാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾക്കും ഇവിടം വേദിയാകും.

യു.എ.ഇ.സുവർണജൂബിലിയുടെ ഭാഗമായുള്ള പ്രത്യേക സോൺ, അൽഫോഴ്സാൻ ഇന്റർനാഷണൽ സ്പോർട്സ് റിസോർട്ട്, ഫൺഫെയർ സിറ്റി തുടങ്ങി വിവിധമേഖലകളാക്കി തരം തിരിച്ചാണ് ഇവിടെ ആഘോഷപരിപാടികൾ നടക്കുന്നത്. വാഹനങ്ങളുടെ പ്രകടനം, വിനോദപരിപാടികൾ, കാർണിവലുകൾ, കലാപരിപാടികൾ എന്നിവയെല്ലാം ഇവിടെ നടന്നുവരുന്നു. എക്സ്ട്രീം വീക്കെൻഡ്സ് അവതരണങ്ങൾ ജനുവരി 30 വരെയുണ്ടാകും.