ഷാർജ: രാജ്ഭവനിലെത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽക്കാണാനും പുസ്തകം പ്രകാശനംചെയ്യിക്കാനും സാധിച്ച സന്തോഷത്തിലാണ് വിദ്യാർഥിനിയായ നവ്യാ ഭാസ്കരൻ. ഷാർജയിൽ താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ നവ്യയുടെ ‘ദ ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്’ എന്ന സ്വന്തംരചനയാണ് ഗവർണർ പ്രകാശനംചെയ്തത്.

നവ്യയുടെ പഠനവും പാട്ടും വായനയുമെല്ലാം അദ്ദേഹം സവിസ്തരം നവ്യയുടെ മാതാപിതാക്കളോടു ചോദിച്ചറിഞ്ഞു. മിടുക്കിയായി പഠിക്കണമെന്നും പാട്ടിനെ കൈവിടരുതെന്നും നവ്യയ്ക്ക് ഉപദേശവും നൽകി. ഗവർണർക്കുള്ള പുതുവർഷസമ്മാനമായി നവ്യ പാട്ടുപാടിക്കേൾപ്പിച്ചു. ഇനി ദുബായിലെത്തിയാൽ കാണണമെന്നുകൂടി അദ്ദേഹം നവ്യയോട് ആവശ്യപ്പെട്ടത് ഇരട്ടിമധുരമായി. പുസ്തകം വായിച്ച് അഭിപ്രായമറിയിക്കുമെന്നുകൂടി പറഞ്ഞാണ് ഗവർണർ നവ്യയെ യാത്രയാക്കിയത്.

ശബ്ദമില്ലാത്ത ജീവിതത്തെക്കുറിച്ചാണ് നിശ്ചയദാർഢ്യമുള്ള നവ്യ പുസ്തകമെഴുതിയത്. ഇതിന്റെ ആദ്യപ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടത്തിയിരുന്നു.

കോവിഡിന്റെ തുടക്കത്തിൽ പെട്ടെന്നൊരുദിവസമാണ് നവ്യയുടെ സംസാരശേഷി നഷ്ടപ്പെട്ടത്. ഓട്ടിസവും കൂടെ വോക്കൽ കോഡിനെ ബാധിച്ച അണുബാധയും ശബ്ദം നഷ്ടപ്പെടാൻ കാരണമായി. എട്ടുമാസത്തോളം അവൾ ശബ്ദമില്ലാതെയാണ് കഴിഞ്ഞത്. ചികിത്സയിലൂടെ ശബ്ദം തിരിച്ചുകിട്ടിയപ്പോൾ ഈ പതിനഞ്ചുകാരി ആദ്യം തിരിച്ചുപിടിച്ചത് സംഗീതമായിരുന്നു. പുതുജീവിതം ലഭിച്ച സന്തോഷത്തിലാണ് ശബ്ദം തിരിച്ചുകിട്ടിയ ജീവിതത്തെ ഇതിവൃത്തമാക്കി കുട്ടികൾക്കായി ചിത്രങ്ങൾ സഹിതം പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത്. അധ്യാപകരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. നേരത്തെ ‘കോവിഡ്-19’ എന്ന നവ്യയുടെ കവിത യൂനിസെഫ് പ്രസിദ്ധീകരിച്ചിരുന്നു.

കുഞ്ഞുനാൾ മുതൽ സംഗീതത്തോട് ഇഷ്ടംകാണിച്ച നവ്യയ്ക്ക് കർണാടകസംഗീതവും പാശ്ചാത്യസംഗീതവുമെല്ലാം പ്രിയമാണ്. സ്വന്തമായി സംഗീത ആൽബവും പുറത്തിറക്കി. മ്യൂസിക് റിയാലിറ്റി ഷോയുമായി അമേരിക്കയിൽപോകാൻ നവ്യയ്ക്ക് അവസരം ലഭിച്ചു.

അജ്‌മാനിൽ ക്ലിനിക്ക് നടത്തുന്ന കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ. ഭാസ്കരൻ കരപ്പാത്തിന്റെയും ഡോ. വന്ദനയുടെയും രണ്ടാമത്തെ മകളാണ് നവ്യ. തിരുവനന്തപുരം ആർ.കെ.ഡി. എൻ.എസ്.എസ്. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ നവ്യ ഇപ്പോൾ ഷാർജയിൽ ഓൺലൈൻ പഠനത്തിലാണ്.