ഷാർജ : കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രവാസികളുടെ വ്യാപകപ്രതിഷേധം തുടരുകയാണ്. വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്കെതിരേമാത്രമാണ് കേന്ദ്ര, സംസ്ഥാനങ്ങൾ നിയമങ്ങളെല്ലാം ഏർപ്പെടുത്തുന്നതെന്ന് പ്രവാസി കൂട്ടായ്മകൾ കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിൽ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർക്ക് കോവിഡ് വ്യാപന പ്രതിരോധമൊന്നും വലിയ കാര്യമല്ല. അവർ നിർബാധം യാത്രചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് ആളുകളാണ് മുഖാവരണംപോലുമില്ലാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്.

വെള്ളിയാഴ്ച കേരളത്തിൽ കോഴിക്കോട്-തൃശ്ശൂർ പാതയിലെ എടപ്പാൾ മേൽപ്പാലം ഉദ്‌ഘാടനത്തിന് രണ്ടുമന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തതും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളോട് മാത്രമാണ് ഏതുകാര്യത്തിനും കേന്ദ്ര, കേരള സർക്കാരുകൾ വിവേചനം കാണിക്കുന്നതെന്നാണ് പ്രതിഷേധക്കാർക്ക് പറയാനുള്ളത്.

നിയന്ത്രണം പ്രവാസികൾക്കെതിരേയാവരുത് -കെ.എം.സി.സി.

ഇന്ത്യയിൽ കോവിഡ് വകഭേദങ്ങൾക്കനുസരിച്ച് പ്രവാസികൾക്കെതിരേ നിയന്ത്രണം കടുപ്പിക്കുന്നത് തുടരുകയാണെന്ന് യു.എ.ഇ. കെ.എം.സി.സി. നേതാക്കളായ പുത്തൂർ അബ്ദുൽ റഹ്‌മാൻ, പി.കെ. അൻവർ നഹ എന്നിവർ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമന്ത്രിയും ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് പ്രവാസികൾക്ക് പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ്. ആർ.ടി.പി.സി.ആറിന്റെ കാര്യത്തിലും സ്വകാര്യലാബുകളുടെ താളത്തിനൊത്ത് തുള്ളുകമാത്രമാണ് സർക്കാർ ചെയ്യുന്നത്. കോവിഡ് വ്യാപനം കുറയ്ക്കാൻ നാട്ടിലേക്കുവരുന്നവർ മാത്രമല്ല, നാട്ടിലുള്ളവരും ശ്രദ്ധിക്കണം. സർക്കാരിന് ഈ കാര്യത്തിൽ ആത്മാർഥതയില്ല.

കേന്ദ്രം പറഞ്ഞത് പൊതുമാനദണ്ഡം, കേരളത്തിന് വിട്ടുവീഴ്ച ചെയ്യാം -ഐ.പി.എഫ്.

പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പൊതുമാനദണ്ഡമാണ് പ്രവാസികളുടെ ക്വാറന്റീൻ കാര്യത്തിലുണ്ടായത്. എന്നാൽ, സംസ്ഥാനങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് കേരളത്തിന് വിട്ടുവീഴ്ചചെയ്യാമായിരുന്നുവെന്ന് ഇന്ത്യൻ പീപ്പിൾ ഫോറം പ്രതിനിധി ഗണേഷ്‌കുമാർ പറഞ്ഞു. പ്രവാസികളാണ് ആരോഗ്യസുരക്ഷ കൂടുതൽ ശ്രദ്ധിക്കുന്നത്. ഒരു വിമാനയാത്രകൊണ്ട് പ്രവാസികളെല്ലാവരും കോവിഡ് വ്യാപകരാകുന്നുവെന്നാണ് തെറ്റായിപ്രചരിപ്പിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളാണ് ആദ്യം ക്വാറന്റീനിൽ പോകേണ്ടത്. രോഗത്തിന്റെ വ്യാപനം വർധിപ്പിക്കുന്നത് അവരാണ്.

പ്രവാസികളെ ക്വാറന്റീനിലിരുത്തിയാൽ പ്രശ്നംതീരുമോ ? -ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി

ആവശ്യമായ പരിശോധനകളെല്ലാം പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികളെ ദിവസങ്ങളോളം പുറത്തിറങ്ങാനനുവദിക്കാതെ മുറിക്കുള്ളിൽ അടച്ചിട്ടാൽ നാട്ടിലെ കോവിഡ് ഇല്ലാതാകുമോയെന്ന് ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ടി.കെ. ഹാഷിക്‌ ചോദിച്ചു. നാട്ടിൽ ഏതുചടങ്ങുകൾക്കും നിയന്ത്രണങ്ങളില്ലാതെ ആളുകളെക്കൂട്ടി കോവിഡ് പരത്തുന്നു, ശേഷം കോവിഡ് രാത്രിമാത്രമാണ് പരക്കുന്നതെന്നമട്ടിൽ രാത്രികാലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. പ്രവാസികളെ ബുദ്ധിമുട്ടിച്ച് പ്രഹസനങ്ങൾ നടത്താതെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.

വിവേചനത്തിനെതിരേ പ്രതിഷേധം -ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഷാർജ

ഇന്ത്യയിൽ കോവിഡ് പരത്തുന്നത് വിദേശത്തുനിന്നു വരുന്നവർ മാത്രമാണെന്ന സർക്കാരുകളുടെ വിവേചനം പ്രതിഷേധാർഹമാണെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ പ്രസിഡന്റ് മാത്യുജോൺ പറഞ്ഞു. അത്യാവശ്യകാര്യങ്ങൾക്കുപോലും നാട്ടിലെത്താൻ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികൾ ജീവിക്കുന്ന രാജ്യത്തിരുന്ന് സ്വയം പ്രതിഷേധം നടത്താമെന്നല്ലാതെ പ്രയോജനമില്ല. എങ്കിലും തെറ്റായ നടപടിക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും അറിയിക്കുന്നു.

പ്രവാസികളെമാത്രം ലക്ഷ്യമിടുന്ന സർക്കാർ സംവിധാനം -മാനസ്

കോവിഡ് ഒന്നാംതരംഗം മുതൽ പ്രവാസികൾക്ക്‌, പ്രത്യേകിച്ച് ഗൾഫിൽനിന്നെത്തുന്നവർക്കുമാത്രമാണ് സർവനിയന്ത്രണങ്ങളും സർക്കാർ നടപ്പാക്കുന്നതെന്ന് ഷാർജ മന്നം സാംസ്കാരികസമിതി (മാനസ്) ജനറൽ സെക്രട്ടറി റെജി മോഹനൻ നായർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ നീതിപൂർവമായി പ്രവർത്തിക്കാൻ സർക്കാർ സംവിധാനം ശ്രദ്ധിക്കണം. പ്രവാസികൾക്കെതിരേയുള്ള തെറ്റായ സമീപനമാണ് തുടരുന്നത്.

കേരളത്തെമാത്രം പഴിചാരരുത് -യുവകലാസാഹിതി

വിദേശത്തുനിന്ന്‌ നാട്ടിലെത്തുന്ന പ്രവാസികൾക്കുമാത്രം ഏഴുദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കുന്നില്ലെന്ന് യുവകലാസാഹിതി യു.എ.ഇ. സെക്രട്ടറി ബിജുശങ്കർ പറഞ്ഞു. എന്നാൽ, ഈ പ്രശ്നത്തിൽ പലരും കേരളത്തിലെ ഇടതുപക്ഷസർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേന്ദ്രമാണ് പ്രവാസികൾക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയതെന്ന യാഥാർഥ്യം മറച്ചുവെക്കാനാണ് ശ്രമമെന്നത് തിരിച്ചറിയണം.

തീരുമാനം അശാസ്ത്രീയം -ഐ.സി.എഫ്. അബുദാബി

തീരുമാനം അശാസ്ത്രീയവും വിവേചനപരവുമായതിനാൽ പിൻവലിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ആവശ്യപ്പെട്ടു. രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ച്‌ ഒട്ടറെത്തവണ പരിശോധനകളും കർശനമായ മാനദണ്ഡങ്ങളും പൂർത്തിയാക്കിയാണ് പ്രവാസികൾ യാത്രചെയ്യുന്നത്. സമ്മേളനങ്ങൾക്കും റാലികൾക്കും ഉദ്ഘാടനങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ, പ്രവാസികളുടെമേൽ എല്ലാ വ്യവസ്ഥകളും കെട്ടിവെക്കുന്നത് നീതികേടാണ്.

ഞായറാഴ്ച പ്രതിഷേധദിനം -ഓൾ കേരള പ്രവാസി അസോസിയേഷൻ

സാമൂഹികഅകലത്തിന്റെ കണികപോലും പാലിക്കാത്ത പാർട്ടിപ്പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്കുമാത്രം എങ്ങനെയുണ്ടാകുമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ പ്രതിനിധികളായ ഇബ്രാഹിം ഷമീർ, അൽ നിഷാജ് ശാഹുൽ എന്നിവർ ചോദിച്ചു. കോവിഡ് തുടങ്ങിയകാലംമുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിലാണ്. ഈ പ്രവാസിദ്രോഹനയം പിൻവലിക്കണം.

പ്രവാസികൾ കോവിഡ്‌ വാഹകരല്ല -കണ്ണൂർ സാംസ്കാരികവേദി (കസവ്)

: ഇന്ത്യയിൽ കോവിഡ് വ്യാപിപ്പിക്കുന്നത് പ്രവാസികളാണെന്ന തെറ്റിദ്ധാരണ കേന്ദ്രവും കേരളവും തുടർച്ചയായി സൃഷ്ടിക്കുകയാണെന്ന് വൈസ് ചെയർമാൻ മഹ്മൂദ് അലവി പറഞ്ഞു. രോഗവ്യാപനം തടയാനുള്ള ഏതുമാർഗവും അംഗീകരിക്കാം. പിന്തുണയ്ക്കുകയുംചെയ്യും. പക്ഷേ, മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ ചുരുങ്ങിയദിവസത്തേക്ക് നാട്ടിലെത്തുന്നവരെ ക്വാറന്റീനിന്റെപേരിൽ പീഡിപ്പിക്കുന്നത് ശരിയായ നടപടിയല്ല.

രാഷ്ട്രീയത്തിനതീതമായി മറുപടി നൽകണം -മൽക്ക

കോവിഡിന്റെപേരിൽ വിദേശത്തുനിന്ന്‌ എത്തുന്നവർക്കുമാത്രമുള്ള ക്വാറന്റീൻ ഭരിക്കുന്നവരുടെ ധാർഷ്ട്യമാണെന്ന് പറയുന്നതിൽ മടിയില്ല. ഇതിന്‌ രാഷ്ട്രീയത്തിനതീതമായി മറുപടിനൽകണമെന്ന് ഷാർജയിലെ മൽക്ക പ്രസിഡന്റ് കെ.എസ്. യൂസുഫ് സഗീർ പറഞ്ഞു.

പ്രവാസി ഇന്ത്യ യു.എ.ഇ. കത്തയച്ചു

ദുബായ് : പ്രവാസികൾക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഇന്ത്യ യു.എ.ഇ., മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും ആരോഗ്യമന്ത്രി വീണാ ജോർജിനും കത്തയച്ചു. വിദേശങ്ങളിൽനിന്ന് വരുന്നവർ രണ്ടു ഡോസ് വാക്സിനും ബൂസ്റ്ററും സ്വീകരിച്ചവരാണ്. കൂടാതെ പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ഫലവുമായാണ് യാത്രചെയ്യുന്നത്. ഇന്ത്യൻ വിമാനത്താവളങ്ങളിലെ പരിശോധനയും പൂർത്തിയാക്കിയാണ് അവർ പുറത്തുകടക്കുന്നത്. എന്നിട്ടും അവരെ ക്വാറന്റീനിൽ ഇരുത്തുന്നത് ക്രൂരമാണെന്ന് കത്തിൽ സൂചിപ്പിച്ചു.

ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഏർപ്പെടുത്തുകയും വ്യാപനം കൂടുതലുള്ള മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയുംചെയ്യുന്ന നടപടി വിവേചനപരമാണ്. കൂടാതെ നാട്ടിൽ സമ്മേളനങ്ങൾക്കും റാലികൾക്കും വിവാഹപ്പാർട്ടികൾക്കും നിയന്ത്രണമില്ലാതെ, എല്ലാനിയന്ത്രണങ്ങളും പ്രവാസികളുടെമേൽ കെട്ടിവെക്കുന്നത് ക്രൂരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേന്ദ്ര പ്രസിഡന്റ് അബ്ദുല്ല സവാദും ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജും ആവശ്യപ്പെട്ടു.