ദുബായ് : കാമറൂൺ ഫുട്‍ബോൾ ഇതിഹാസതാരം സാമുവൽ എറോറ്ക്ക് യു.എ.ഇ. ഗോൾഡൻ വിസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി വിസ കൈമാറി. 'ആഫ്രിക്കൻ പ്ലെയർ ഓഫ് ദ ഇയർ' പുരസ്കാരം നാലുതവണ നേടിയ എറോറയ്ക്ക് എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളാണ്.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 2000-ലെ ഒളിമ്പിക്സിൽ കാമറൂണിന് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുൽ. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളിൽ 350 ഗോളുകൾ അടിച്ച അദ്ദേഹം 2019-ലാണ് വിരമിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഗോ, പോൾ പോഗ്ബ, റോബർട്ടോ കാർലോസ്, റൊമാലു ലുകാകു, ദിദിയർ ദ്രോഗ്ബ, മിറാലെം പിജാനിക്, ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരൻ നൊവാക് ജോക്കോവിച്ച് തുടങ്ങിയവർക്ക് യു.എ.ഇ. ഗോൾഡൻ വിസ അനുവദിച്ചിരുന്നു. യു.എ.ഇ.യിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വിസ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികൾക്ക് നൽകുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഗോൾഡൻ വിസ നൽകുന്നത്.