അബുദാബി : യു.എ.ഇ.യിൽ തണുപ്പുകാലത്തെ ആളുകളുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് ചൂണ്ടയിടൽ. നഗരത്തിനകത്തും പുറത്തും ഇതിനായി ഒരുപാട് കേന്ദ്രങ്ങളുണ്ട്. കടലിലും കടലിനോട് ചേർന്നുള്ള വെള്ളക്കെട്ടുകളിലും കനാലുകളിലുമെല്ലാം ചൂണ്ടയിടാൻ എത്തുന്നവരുടെ എണ്ണം ഇപ്പോൾ കൂടിക്കൂടിവരികയാണ്. ആളുകൾ ഒത്തുചേർന്നുള്ള വിനോദ പരിപാടികൾക്കെല്ലാം നിയന്ത്രണങ്ങൾ വന്നതോടെ വിരസതയകറ്റാനുള്ള ഒരു സുരക്ഷിത മാർഗമായി ചൂണ്ടയിടലിനെ സമീപിക്കുന്നവരുമുണ്ട്. അബുദാബി നഗരത്തിൽ കോർണിഷിന്റെ പലഭാഗങ്ങളിലും മീന, മറീന, ഹമീം, യാസ്, മഖ്ത, മുസഫ തുടങ്ങിയ സ്ഥലങ്ങളിലും ചൂണ്ടയിടാൻ അനുവദിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവധിദിനങ്ങളിൽ പുലർച്ചെ മുതൽ രാത്രി വൈകുവോളം ഒന്നിലധികം ചൂണ്ടകളുമായി മീൻപിടിക്കാൻ എത്തുന്നവരുണ്ട്. സ്വന്തം വാഹനങ്ങളിൽ അത്യാവശ്യം ‘റെഡി ടു ഈറ്റ്’ ഭക്ഷണ സാധനങ്ങളുമായി വരുന്നവരും ബാർബിക്യൂ സംവിധാനങ്ങളുമായി കാര്യമായ പാചകത്തിനൊരുങ്ങി വരുന്നവരുമുണ്ട്. കുടുംബത്തിലെ മുഴുവൻ ആളുകളുമായി എത്തി ദിവസം ആനന്ദകരമാക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്.
മലയാളികളുടെ തീൻമേശയിലെ ഇഷ്ടവിഭവങ്ങളിൽ മീൻ മുൻപന്തിയിലുണ്ടെങ്കിലും ചൂണ്ടയുമായി മീൻ പിടിക്കാൻ എത്തുന്നവരിൽ മലയാളികളേക്കാൾ കേമന്മാർ ഫിലിപ്പീൻസ് സ്വദേശികളാണ്. പകലുംരാത്രിയും വ്യത്യാസമില്ലാതെ മീൻ പിടിക്കാൻ തയ്യാറാണവർ. മീനിട്ടുവെക്കാനുള്ള ഐസ് ബോക്‌സും ഒന്നോ രണ്ടോ ചൂണ്ടയുമായി തിരക്കിട്ട് സൈക്കിളിൽ പായുന്ന ഫിലിപ്പിനോ സ്വദേശികൾ നഗരത്തിലെ എല്ലാ സമയത്തെയും കാഴ്ചയാണ്. പങ്കാളികളിൽ ഒരാൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ മറ്റൊരാൾ ആവശ്യത്തിനുള്ള മീൻ പിടിച്ച് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്ന രീതിയും ഇവർക്കിടയിലെ മാത്രം പ്രത്യേകതയാണ്.
അറബികളുടെയും പ്രധാന വിനോദങ്ങളിൽ ഒന്നാണ് ചൂണ്ടയിടൽ. തണുപ്പുകാലമാവുന്നതോടെ കുടുംബമായും സുഹൃത്തുക്കളുമായും മീൻപിടിക്കാൻ ഇറങ്ങുന്നവർ നിരവധിയാണ്. കനാലുകളുടെ കരയിൽ രണ്ടുംമൂന്നും വാഹനങ്ങൾ ചേർത്തുനിർത്തി മറയുണ്ടാക്കി കസേരകൾ നിരത്തിയിരുന്ന് ഭക്ഷണം പാകംചെയ്തും അപ്പപ്പോൾ പിടിക്കുന്ന മീൻ വൃത്തിയാക്കി ബാർബിക്യൂ ചെയ്തും കഴിക്കുന്ന രീതി തണുപ്പുകാലത്തെ പതിവാണ്. മരുഭൂമിയിലെയും പാർക്കുകളിലെയും ഒത്തുചേരലുകളുടെ മറ്റൊരു വകഭേദമാണ് ഇത്. എമിറേറ്റുകൾ തമ്മിൽ യാത്രാവിലക്കുകൾ വന്നപ്പോൾ കുടുംബങ്ങൾക്ക് ഒത്തുകൂടി കോവിഡ് വ്യവസ്ഥകൾക്കുള്ളിൽനിന്നു കൊണ്ടുതന്നെ ഇത്തരം ആഘോഷങ്ങളുടെ ഭാഗമാവാം. വീടുകളിൽത്തന്നെ കഴിയേണ്ടിവന്നതിന്റെ വീർപ്പുമുട്ടലുകളിൽനിന്നുള്ള മോചനവുമായി. ചൂണ്ടയിടലിനൊപ്പംതന്നെ ചെറു പാരാഗ്ലൈഡിങ്ങും ഓഫ് റോഡിങ്ങുമെല്ലാം ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങൾ യു.എ.ഇ.യിലുണ്ട്.
പാകിസ്താൻ സ്വദേശികളും മലയാളികളും ചൂണ്ടയിടാൻ എത്തുന്നവരിൽ കുറവല്ല. ആഴക്കടലിൽ ബോട്ടിൽ മീൻ പിടിക്കാൻ പോകുന്ന സംഘങ്ങളുമുണ്ട്. വാരാന്ത്യങ്ങളിൽ ബോട്ട് വാടകയ്ക്കെടുത്ത് വലിയ സന്നാഹങ്ങളുമായി പോയി അറബികളുടെ ഇഷ്ടമീനായ ഹമൂറും മലയാളികളുടെ ഇഷ്ടയിനമായ അയക്കൂറയും പിടിച്ചുവരുന്നവരുണ്ട്. നാലും അഞ്ചും പേർ ചേർന്ന് 150-200 ദിർഹം വീതം ചെലവഴിച്ച് ചെറുബോട്ടിൽ മീൻ പിടിക്കാൻ പോകുന്നരീതിയാണിത്. അതിരാവിലെ പോയി ഉച്ചയോടെ തിരിച്ചെത്തുന്ന സംഘങ്ങൾക്ക് പലപ്പോഴും നല്ല ചാകരയാണ് ലഭിക്കുക. മാനസിക ഉല്ലാസംകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള യാത്രയായതിനാൽ കാര്യമായി മീൻ കിട്ടില്ലെങ്കിലും ആളുകൾക്ക് പ്രശ്നമാവാറില്ല. സ്വന്തം ബോട്ടുകൾ ഫോർവീൽ വാഹനങ്ങളിൽ ഘടിപ്പിച്ച് കൊണ്ടുവന്ന് വെള്ളത്തിലിറക്കി മീൻ പിടിക്കാൻ പോകുന്ന സ്വദേശികളെയും വിദേശികളെയും തണുപ്പുകാലത്ത് കാണാം.
60 ദിർഹം മുതൽ 5000 ദിർഹത്തിലധികംവരെ വിലയുള്ള ചൂണ്ട വിപണിയിൽ ലഭ്യമാണ്. തരക്കേടില്ലാത്ത ഒരു ചൂണ്ടയ്ക്ക് 300-700 ദിർഹം വരെയാണ് വില. ചൂണ്ടയുടെ ശേഷിക്കനുസരിച്ച് ചെറുതും വലുതുമായ കൊളുത്തുകളും ലഭ്യമാണ്. സാധാരണയായി ചെറു ചെമ്മീനും ഗോതമ്പ് മാവുമെല്ലാം ഇരയായി ഇട്ട് മീൻ പിടിക്കുന്നവരാണ് അധികവും. മത്തിയുടെ തല, കോഴിയുടെ കുടൽ എന്നിവയെല്ലാമിട്ട് മീൻ പിടിക്കുന്നവരുമുണ്ട്. ചെറുമീനുകൾ, തവള എന്നിവയുടെയെല്ലാം റബ്ബർ രൂപങ്ങളെ കൊളുത്തിൽ കോർത്തിടുന്ന രീതിയും പതിവാണ്. വലിയചൂണ്ടയിൽ മത്തി തല കോർത്തിട്ടാൽ ഭാഗ്യമുണ്ടെങ്കിൽ വലിയ ഹമൂറിനെ തന്നെ കിട്ടിയേക്കുമെന്ന് ഫിലിപ്പീൻസ് സ്വദേശിയായ ലക്കി സാൻ പെഡ്രോ പറഞ്ഞു. എന്നും അബുദാബിയുടെ പല ഭാഗങ്ങളിൽ വലുതും ചെറുതുമായ ചൂണ്ടയുമായി മീൻ പിടിക്കാനെത്താറുണ്ട് ഈ ചെറുപ്പക്കാരൻ.
ശീലാവ് (ബറാക്കുട), മോത, ഹമൂർ, അയക്കൂറ, കോര, പൂമീൻ, ഞണ്ട് തുടങ്ങിയ ഇനം മീനുകളാണ് യു.എ.ഇ. തീരങ്ങളിൽ സാധാരണയായി ലഭിക്കാറുള്ളത്. ഓരോ മാസത്തിനനുസരിച്ച് ഇവയുടെ ലഭ്യത മാറിയും മറിഞ്ഞുമിരിക്കും. നല്ല രുചിയുള്ളതും വിപണിയിൽ തരക്കേടില്ലാത്ത വിലയുള്ളതുമായ ഇനങ്ങളാണ് ഇവയെന്നതിനാൽ ചൂണ്ടയുമായി എത്ര നേരംവരെ കാത്തിരിക്കാനും ആളുകൾക്ക് ഉത്സാഹമാണ്. ‘ഫിഷ് ഫോർകാസ്റ്റിങ്' ആപ്പുകളും വെബ്‌സെറ്റുകളും പരിശോധിച്ച് കൂടുതൽ മീൻ ലഭിക്കുന്ന സമയം തീർച്ചപ്പെടുത്തി എത്തുന്നവരുമുണ്ട്. വിനോദത്തിന് വേണ്ടി മാത്രംവന്ന് ചൂണ്ടയിട്ട് മണിക്കൂറുകളോളം കാത്തിരുന്ന് കിട്ടുന്ന മീൻ മറ്റുള്ളവർക്ക് നൽകി മടങ്ങുന്നവരും തീരങ്ങളിലെ രസമുള്ള കാഴ്ചയാണ്.
അബുദാബിയിൽ മീൻ പിടിക്കുന്നവർക്ക് ലൈസൻസും ആവശ്യമാണ്. 18 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് ഇതിനായി wഓൺലൈനിൽ അപേക്ഷിക്കാം. ഒരാഴ്ചത്തേക്കുള്ള ലൈസൻസിന് 30 ദിർഹവും ഒരു വർഷത്തേക്കുള്ളതിന് 120 ദിർഹവുമാണ് ഫീസ്. താമസക്കാർക്കും സന്ദർശകർക്കും യഥാക്രമം എമിറേറ്റ്സ് ഐ.ഡി., പാസ്പോർട്ട് എന്നിവയോടൊപ്പം അപേക്ഷിച്ച് ഒരാഴ്ചത്തെ ലൈസൻസ് സ്വന്തമാക്കാം. ഒരു വർഷത്തെ ലൈസൻസ് സ്വദേശികൾക്കും താമസ വിസയുള്ളവർക്കും മാത്രമുള്ളതാണ്. എമിറേറ്റ്സ് ഐ.ഡി., പാസ്പോർട്ട് ഫോട്ടോ എന്നിവയോടൊപ്പം ഇതിനായുള്ള അപേക്ഷ പരിസ്ഥിതി വകുപ്പ് വെബ്‌സൈറ്റിൽ സമർപ്പിക്കണം. കൃത്യമായ രേഖകളാണെങ്കിൽ ഉടൻ ലൈസൻസ് ലഭിക്കും. അംഗീകൃത കമ്പനിമുഖേന മീൻ പിടിക്കാൻ എത്തുന്നവർക്ക് പ്രത്യേകമായി ലൈസൻസ് എടുക്കേണ്ട ആവശ്യമില്ല. വംശനാശ ഭീഷണി നേരിടുന്നതോ, പ്രജനന കാലഘട്ടത്തിലെ താത്കാലിക വിലക്കുള്ളതോ ആയ മീനുകളെ പിടിക്കുന്നതിന് വിലക്കുണ്ട്.
യു.എ.ഇ.യിൽ ചൂടില്ലാത്ത ഒക്ടോബർ പകുതി മുതൽ ഏപ്രിൽ അവസാനം വരെയുള്ള ആറര മാസക്കാലമാണ് ചൂണ്ടയിടലിന് ഏറെ അനുയോജ്യം. യു.എ.ഇ. പൈതൃകത്തോട് ചേർന്നുനിൽക്കുന്നതാണ് മത്സ്യബന്ധനമെന്നതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെയാണ് ഈ പ്രവൃത്തിയെ രാജ്യം പ്രോത്സാഹിപ്പിക്കുന്നതും.