ഷാർജ : അതിവേഗ ഇലക്‌ട്രിക് സ്കൈപോഡ് ഗതാഗത സംവിധാനത്തിന്റെ ആദ്യഘട്ടം ഷാർജയിൽ പൂർത്തിയായി. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിലാണ് ഗതാഗത രംഗത്തെ നൂതനരീതി പരീക്ഷിക്കുന്നത്. ബെലാറസ് സ്കൈ വേ ടെക്‌നോളജിയാണ് ഷാർജയിൽ രണ്ടുകിലോമീറ്റർ നീളത്തിലുള്ള ആകാശപാതയിലൂടെ സ്കൈപോഡ് യാത്ര സാധ്യമാക്കിയിരിക്കുന്നത്.
ആഴ്ചകൾക്കകം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള സ്കൈപോഡ് യാത്ര തുടങ്ങുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് മാസത്തോടെ പദ്ധതി പൂർണമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്നുവർഷത്തിനകം ഷാർജയിൽനിന്നും ഖോർഫക്കാനിലേക്കു 130 കിലോമീറ്റർ നീളത്തിൽ ആകാശപാത സജ്ജമാക്കും. 500 കിലോമീറ്റർ വേഗത്തിലാകും സ്കൈപോഡ് കുതിക്കുക. പുതിയ റോഡുകൾ നിർമിക്കുന്നതിനെക്കാൾ ലാഭകരമാണ് സ്കൈപോഡ് എന്നും മലകളും സമുദ്രങ്ങളും താണ്ടിയുള്ള യാത്രയ്ക്ക് സ്കൈപോഡ് അനുയോജ്യമാണെന്നും സ്കൈവേ ഗ്രീൻ ടെക്. സി.ഇ.ഒ. ഒലെഗ് സരേട്സ്കി വ്യക്തമാക്കി.