അബുദാബി : വാടക മുടങ്ങിയതിനെത്തുടർന്ന് പൂട്ടൽ ഭീഷണി നേരിടുന്ന അബുദാബി മലയാളി സമാജത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമംതുടങ്ങി. സമാജം ഭരണസമിതിയെ സഹായിക്കുന്ന 11 സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ സമാജം കോ-ഓർഡിനേഷൻ കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തര യോഗം പ്രശ്നപരിഹാരങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

കെട്ടിടം ഉടമസ്ഥരായ അൽവാദി റിയൽ എസ്റ്റേറ്റ് വാടക കുടിശ്ശിക അടയ്ക്കാൻ അഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കാത്ത പക്ഷം സമാജം മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംഘടനാ പ്രതിനിധികൾ വിവിധ നിർദേശങ്ങൾ അവതരിപ്പിച്ചു. പേട്രണ്മാരിൽനിന്നും സമാജം അംഗങ്ങളിൽനിന്നും വിവിധ വ്യവസായ പ്രമുഖരിൽനിന്നും ധനസമാഹരണം നടത്തി വാടക കുടിശ്ശിക അടച്ചുതീർക്കുക, അൽവാദി റിയൽ എസ്റ്റേറ്റ് നിയമനടപടി സ്വീകരിച്ചാൽ നേരിടുക, ചെറിയ വാടകയ്ക്ക് പുതിയ കെട്ടിടം കണ്ടെത്തി ഓഫീസ് മാറ്റുക, സാംസ്‌കാരിക മന്ത്രാലയത്തെ സമീപിച്ച് പ്രശ്നങ്ങൾ അവതരിപ്പിക്കുക, കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ ചർച്ചചെയ്തു.

യോഗത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ അധ്യക്ഷതവഹിച്ചു. സമാജം പ്രതിസന്ധി പരിഹരിക്കാൻ മാനേജിങ്‌ കമ്മിറ്റിയെ സഹായിക്കുന്നതിന് ഏഴംഗ കോർ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ, കോ-ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ബാബു വടകര, സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എ.എം. അൻസാർ, നിബു സാം ഫിലിപ്പ്, കൺവീനർ റഫീഖ്. പി.ടി., ആക്ടിങ് സെക്രട്ടറി ദശപുത്രൻ എന്നിവരാണ് കോർ കമ്മിറ്റിയംഗങ്ങൾ.