ഫുജൈറ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 12 വ്യാപാര സ്ഥാപനങ്ങൾക്ക് ഫുജൈറയിൽ പിഴ ചുമത്തി. റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, സലൂണുകൾ എന്നിവയുൾപ്പെടെ 410 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങൾ നിയമലംഘനം നടത്തുന്നതായി മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടത്. 62 പേർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മുഖാവരണം ധരിക്കാതിരിക്കൽ, സാനിറ്റൈസേഷൻ ഇല്ലാതിരിക്കൽ എന്നിവയായിരുന്നു പ്രധാന നിയമലംഘനം. കൂടാതെ 174 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കളും പരിശോധനയിൽ പിടിച്ചെടുത്തു. സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാത്ത അഞ്ച് കിലോയോളം സൗന്ദര്യവർധക ഉത്പന്നങ്ങളും അധികൃതർ പിടിച്ചെടുത്തവയിലുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എ.ഇ.യിലുടനീളം പരിശോധന തുടരുന്നുണ്ട്.