ഷാർജ : മമ്മൂട്ടിയുടെ 70-ാം പിറന്നാളിന്റെ സന്തോഷത്തിൽ യു. എ.ഇ.യിലെ ആരാധകർ രക്തം ദാനംചെയ്തു. ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റ് അങ്കണത്തിലാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ രക്തദാനക്യാന്പ് സംഘടിപ്പിച്ചത്. തുടർച്ചയായ ഒമ്പതാംതവണയാണ് മമ്മൂട്ടി ഫാൻസ് രക്തദാനക്യാമ്പ് നടത്തിയത്.

മമ്മൂക്കയുടെ പിറന്നാൾദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് ഫാൻസ് എന്നും ശ്രമിക്കാറുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. യു.എ.ഇ.ആരോഗ്യ മന്ത്രാലയം, ഷാർജ ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാനം. മമ്മൂട്ടിയുടെ ആരാധകരെ കൂടാതെ വിവിധ രാജ്യക്കാരും രക്തംനൽകി.

അബുദാബിയിലും മമ്മൂട്ടി ഫാൻസ് രക്തദാനക്യാമ്പ് നടത്തി. അൽഐൻ യൂണിറ്റ് കേരളത്തിൽ 600-ഓളം ആളുകൾക്ക് അന്നദാനവും നടത്തി. മമ്മൂട്ടി ഫാൻസ് യു.എ.ഇ. ചാപ്റ്റർ ഭാരവാഹികളായ ഗുലാൻ, ഹരീസ് റഹ്മാൻ, ആമീൻ ഇഖ്ബാൽ, മിൽഡോ, റാഷിദ്, ഫിറോസ്, അനസ്, ഇജാസ്, ഫൈസൽ, അലി, ജോസഫിൻ, ജിബി, അഫ്സൽ എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി.