അജ്മാൻ : അധികാരമേറ്റതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് 40 ലക്ഷം ദിർഹം സംഭാവനനൽകാൻ ഉത്തരവിട്ട് അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. അജ്മാനിലെ പാവപ്പെട്ട കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.

അജ്മാൻ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിക്കായിരിക്കും മേൽനോട്ടം.

താഴ്ന്ന വരുമാനക്കാരെയും അവശതയനുഭവിക്കുന്നവരെയും സഹായിക്കാനായാണ് സംഭാവന ഉപയോഗിക്കുകയെന്ന് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ശൈഖ അസ്സ ബിന്റ് അബ്ദുല്ല അൽ നുഐമി പറഞ്ഞു. അജ്മാൻ മാർക്കറ്റ്‌സ് സഹകരണ സൊസൈറ്റിയിൽനിന്ന് അടിസ്ഥാനവസ്തുക്കൾ വാങ്ങാനാവുന്ന 2000 ദിർഹമടങ്ങുന്ന കാർഡുകളായിരിക്കും ആളുകൾക്ക് വിതരണം ചെയ്യുക.

40-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് അജ്മാനിലുടനീളം ഒരുക്കിയിരിക്കുന്നത്.

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ബസുകൾ ആഘോഷത്തോടനുബന്ധിച്ച് ‘രാജ്യത്തിനുവേണ്ടി 40 വർഷങ്ങൾ’ എന്നെഴുതി ഭരണാധികാരിയുടെ ചിത്രം ചേർത്ത് അലങ്കരിച്ചിട്ടുണ്ട്. 1981 സെപ്റ്റംബർ ആറിനാണ് അജ്മാൻ ഭരണാധികാരിയായി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാരമേറ്റത്.

40 വർഷമായി രാജ്യത്തെ സേവിച്ചതിന് അജ്മാൻ ഭരണാധികാരിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. ‘രാഷ്ട്രം നിർമിക്കുന്നതിലെ പങ്കാളി’ എന്ന് കുറിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ആശംസാ സന്ദേശം ട്വീറ്റ് ചെയ്തു.