ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോവിഡ് വാക്സിൻ വിതരണംചെയ്ത രാജ്യങ്ങളിൽ യു.എ.ഇ. മുന്നിൽ. ‘വേൾഡ് ഇൻ ഡാറ്റാ’ സ്ഥിതിവിവരക്കണക്കുകൾപ്രകാരം, പൂർണമായും പ്രതിരോധകുത്തിവെപ്പ്‌ എടുത്തവരുടെ ലോകത്തെ ഏറ്റവും ഉയർന്ന ശതമാനം യു.എ.ഇ.യിലാണ്. 78 ശതമാനം യു.എ.ഇ. ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. പോർച്ചുഗലാണ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത്. ഇവിടെ 77 ശതമാനം താമസക്കാർക്ക് പൂർണ പ്രതിരോധകുത്തിവെപ്പ് നൽകി. ഖത്തർ മൂന്നാം സ്ഥാനത്തുണ്ട്. ഇവിടെ 74 ശതമാനത്തിലേറെപേർ വാക്സിന് രണ്ട് ഡോസും സ്വീകരിച്ചു. 100 പേർക്ക് 187.64 ഡോസ് എന്ന യു.എ.ഇ.യുടെ വിതരണനിരക്കും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്.

പ്രതിദിന കോവിഡ് കേസുകൾ യു.എ.ഇ.യിൽ ക്രമാതീതമായി കുറഞ്ഞുവരികയാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈവർഷം ജനുവരിമാസത്തെ അപേക്ഷിച്ച് യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകളിൽ 62 ശതമാനം കുറവുണ്ടായി. എട്ട് മാസത്തിനിടെ ഓഗസ്റ്റ് 24-ന് ആദ്യമായി പ്രതിദിനകേസുകൾ 1000-ത്തിന് താഴെയായി. കഴിഞ്ഞ 15 ദിവസമായി ഇത് 1000-ത്തിൽ താഴെ തുടരുകയാണ്. രാജ്യത്തുടനീളം വാക്സിൻവിതരണം ശക്തമായി തുടരുന്നുണ്ട്. പുതുതായി 1,02,868 ഡോസ് കോവിഡ് വാക്സിൻകൂടി വിതരണം ചെയ്തു.

യു.എ.ഇ.യിൽ 35 ശതമാനം വിദ്യാർഥികളും കോവിഡ് വാക്സിൻ സ്വീകരിച്ചതായി ദേശീയ ദുരന്തനിവാരണസമിതി വക്താവ് ഡോ. സൈഫ് അൽ ദഹേരി അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് , അക്കാദമിക്, ടെക്‌നിക്കൽ സ്കൂൾ ജീവനക്കാരിൽ 89.5 ശതമാനവും വാക്സിൻ സ്വീകരിച്ചു. വിദ്യാഭ്യാസമേഖലയിലെ ശക്തമായ സുരക്ഷാസാഹചര്യത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന പോസിറ്റീവ് കണക്കുകളാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷൻ ലഭിച്ച വിദ്യാർഥികൾക്കും വിദ്യാഭ്യാസമേഖലയിലെ ജീവനക്കാർക്കും സൗജന്യ കോവിഡ് പരിശോധനകളും തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമാണ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ബാധകം.

അതേസമയം രാജ്യത്ത് പുതുതായി 952 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1269 പേർ സുഖം പ്രാപിച്ചു. രണ്ടുപേർ കൂടി മരിച്ചു. പുതിയതായി നടത്തിയ 3,14,683 പരിശോധനകളിൽനിന്നാണ് പുതിയരോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,25,192 പേർക്ക് യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,15,104 പേർ രോഗമുക്തരാവുകയും 2050 പേർ മരിക്കുകയും ചെയ്തു. നിലവിൽ 8038 രോഗികളാണ് രാജ്യത്തുള്ളത്.

നിയമലംഘനങ്ങൾ പരിഹരിക്കാൻ മൂന്നുദിവസം സമയം

ഷാർജ: കോവിഡ് നിയമലംഘനങ്ങൾ പരിഹരിക്കാൻ ഷാർജയിലെ നഴ്‌സറികൾക്ക് അധികൃതർ മൂന്നുദിവസം സമയം നൽകി. സമയപരിധിക്കുള്ളിൽ പരിഹാരനടപടികൾ സ്വീകരിക്കാത്തവർക്കെതിരേ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി നിയമനടപടി സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങളോടെ ഷാർജയിലെ മൊത്തം 87 നഴ്‌സറികൾക്കാണ് തുറന്നുപ്രവർത്തിക്കാൻ അനുമതി.