ദുബായ് : ഊർജ ഉപഭോഗം കുറഞ്ഞതും സുസ്ഥിരാശയത്തിലുമുള്ള ഉപകരണങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) വെറ്റെക്‌സ് പ്രദർശനത്തിൽ സജീവം. ജല, ഊർജ, സാങ്കേതിക, പരിസ്ഥിതി പ്രദർശനമായ വെറ്റെക്‌സ് ദുബായ് എക്സിബിഷൻ സെന്ററിൽ എക്സ്‌പോ 2020-യുടെ ഭാഗമായാണ് നടക്കുന്നത്.

സുസ്ഥിരതയുടെ മുൻനിരയിൽ എന്ന ആശയത്തിലാണ് ആർ.ടി.എ.യുടെ പ്രദർശനങ്ങൾ. പുനരുപയോഗമെന്ന ആശയത്തിലുള്ള നിർമിതികൾ, ഉപകരണങ്ങൾ, കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറഞ്ഞ നിർമാണ രീതികൾ, ഹെവി ട്രക്കുകളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് നിർമിത ബുദ്ധിയടിസ്ഥാനപ്പെടുത്തിയുള്ള ഡ്രോണുകൾ, പൊതു വാഹനങ്ങൾ കഴുകുന്നതിന് ഉപയോഗിക്കാനാകും വിധം മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതികത, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനം എന്നിവയെല്ലാം ആർ.ടി.എ. പ്രദർശിപ്പിച്ചിട്ടുണ്ട്. ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ആർ.ടി.എ. അറിയിച്ചു.