ദുബായ് : വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 16 മുതൽ 21 വരെ ദുബായ് ഹംദാൻ സ്പോർട്‌സ് കോംപ്ലക്സിൽ നടക്കും. നൂറോളം രാജ്യങ്ങളിൽ നിന്നും ലോക കരാട്ടെ ചാമ്പ്യൻമാരുടെ 3000 മത്സരാർഥികൾ പങ്കെടുക്കുമെന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയ്യിദ് ഹാരിബ് പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും.

കത്ത, കുമിത്തെ, ടീ കത്ത എന്നിവയായിരിക്കും ഇനങ്ങൾ. ടോക്യോ ഒളിമ്പിക്സിലെ താരങ്ങളും പങ്കെടുക്കും. റെക്കോഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 1200-ലേറെ ഉദ്യോഗസ്ഥരും എത്തും. വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ രജതജൂബിലിയാണ് ഇത്തവണത്തേത്. ടോക്യോ ഒളിമ്പിക്സിൽ കരാട്ടെക്ക് പ്രവേശനം ലഭിച്ചശേഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണിത്. 21-ന് സമാപനച്ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിക്കും.