ദുബായ് : യു.എ.ഇ.യിൽ ജനസംഖ്യയുടെ 95.09 ശതമാനംപേർ കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു. ഇതിൽ 84.78 ശതമാനംപേർ വാക്സിൻ രണ്ടുഡോസും എടുത്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 44,318 ഡോസ് വാക്സിൻകൂടി വിതരണംചെയ്തു. ഇതോടെ ആകെ വിതരണംചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 20,364,737 ആയി. അതേസമയം യു. എ.ഇ.യിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 150 ലുംതാഴെ മാത്രം കോവിഡ് കേസുകളാണ്. പുതുതായി 144 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 221 പേർ രോഗമുക്തി നേടുകയുംചെയ്തു.

രണ്ടുപേർ മരിച്ചതോടെ ആകെ മരണം 2109 ആയതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച ആകെ രോഗികൾ 7,37,373 ആണ്. ഇവരിൽ 7,30,530 പേരും രോഗമുക്തിനേടി. നിലവിൽ 4734 പേർ ചികിത്സയിലുണ്ട്.

ഒമാനിൽ 20 പേരിൽമാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 33 പേർ സുഖം പ്രാപിക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡുമരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ആകെ 3,03,915 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,181 പേരും ഇതിനോടകം തന്നെ രോഗമുക്തരായി. ആകെ മരണം 4101 ആണ്. നിലവിൽ 98.4 ശതമാനമാണ് ഒമാനിലെ കോവിഡ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ മൂന്നുപേരെ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. ഇവർ ഉൾപ്പെടെ ആകെ 25 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 10 പേരുടെ നില ഗുരുതരമാണ്.

വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾ കോവിഡ് പരിശോധന നടത്തണം

അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാതെ സ്കൂളിൽ നേരിട്ടെത്തുന്ന 12 വയസ്സിനുമുകളിലുള്ള വിദ്യാർഥികൾക്ക് ആഴ്ചയിലൊരിക്കൽ പി.സി.ആർ. പരിശോധന നിർബന്ധമാക്കി അബുദാബി.

വാക്സിൻ എടുത്തവർ 30 ദിവസത്തിലൊരിക്കലും പി.സി.ആർ. എടുത്ത് ഗ്രീൻപാസ് നേടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. രണ്ട് ഡോസ് വാക്സിൻ എടുത്ത 16 വയസ്സിനുമുകളിലുള്ള കുട്ടികൾക്ക് സ്കൂളുകളിലേക്ക് നേരിട്ടെത്താം.