നവരാത്രിപൂജയ്ക്ക് സമനിരപ്പുള്ള, ശുചിത്വമുള്ള സ്ഥലത്ത് മണ്ഡപം നിർമിക്കണം. ചാണകം മെഴുകി ശുദ്ധമാക്കണം. നവരാത്രിദിവസങ്ങളിൽ ശാസ്ത്രോക്തമായ രീതിയിൽ, വിധിയാംവണ്ണം ഭക്തിയോടെ ദേവിയെ ആരാധിക്കണം. സജ്ജനങ്ങളെ പൂജിക്കണം. യഥാശക്തി ദാനംചെയ്യണം. ദേവിയുമായി ബന്ധപ്പെട്ട കീർത്തനങ്ങൾ ദിവസവും ചൊല്ലണം. ദേവീഭാഗവതം, ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം മുതലായവ പാരായണംചെയ്യാം.

വേദിയിൽ പട്ടുവസ്ത്രം വിരിച്ച്, സിംഹാസനത്തിൽ നാലുതൃക്കൈകളിൽ ആയുധമേന്തിയ ജഗദംബികയെ പ്രതിഷ്ഠിക്കണം. വിഗ്രഹം ലഭ്യമല്ലെങ്കിൽ നവാക്ഷരീമന്ത്രം എഴുതിയ യന്ത്രം പൂജയ്ക്കുവേണ്ടി വെക്കാം. നവരാത്രിപൂജയ്ക്ക് രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനംചെയ്യണം. പ്രഭാതത്തിലെ കുളി ആരോഗ്യത്തിന് ഉത്തമമാണ്.

പൂർണമായ ഉപവാസം, അല്ലെങ്കിൽ ഒരുനേരം ഭക്ഷണം, അതുമല്ലെങ്കിൽ രാത്രി ഉപവാസം-ഇത് ഏതെങ്കിലുമൊന്ന് അനുഷ്ഠിക്കണം.

‘കരിഷ്യാമിവ്രതം മാതാ നവരാത്രമനുത്തമം

സാഹാല്യം കുരുമേ ദേവി ജഗദംബേമമാഖിലം’

ഉത്തമമായ നവരാത്രിവ്രതം ഞാൻ ആരംഭിക്കട്ടെ. എനിക്ക് അതിനുവേണ്ടി എല്ലാ സഹായവും ദേവി ചെയ്തുതരേണമേ എന്ന പ്രാർഥനയോടുകൂടിയാണ് നവരാത്രി വ്രതമാരംഭിക്കേണ്ടത്.

ചന്ദനം, കർപ്പൂരം, വില്വപത്രം എന്നിവകൊണ്ടും ധൂപം, ദീപം എന്നിവയാലും ദേവിയെ പൂജിക്കണം. അർഘ്യം കൊടുത്തതിനുശേഷം നാളികേരം, വാഴപ്പഴം എന്നിവ നിവേദിക്കാം. ആകർഷകമായ വിവിധ ദ്രവ്യങ്ങൾകൊണ്ട് മൂന്നുനേരവും പൂജചെയ്യണം. ഗീതവാദ്യങ്ങളോടുകൂടി ഉത്സവവുമാക്കാം.

നവരാത്രിയോടനുബന്ധിച്ച് നിത്യവും പൂജചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അഷ്ടമിദിവസംമുതൽ പൂജ തുടങ്ങാം. നവരാത്രിദിവസങ്ങളിൽ പൂർണമായി ഉപവസിക്കാൻ കഴിയാത്തവർ അവസാന മൂന്നുദിവസങ്ങളിൽ ഉപവസിച്ചാൽ പൂർണഫലം ലഭിക്കുമെന്ന് ദേവീഭാഗവതം അനുശാസിക്കുന്നു. സപ്തമി, അഷ്ടമി, നവമി എന്നീ മൂന്നുദിവസങ്ങളിൽ ചെയ്യുന്ന ദേവീപൂജയാൽ സർവാഭീഷ്ടവും നേടാം.

ദേവീപൂജ, ഹോമം, കുമാരീപൂജ, അന്നദാനം-ഈ നാലും വേണ്ടപോലെ അനുഷ്ഠിച്ചാൽ പൂർണമായ നവരാത്രി വ്രതമാകും. ഭക്തിശ്രദ്ധയോടെ നവരാത്രിവ്രതം ആചരിച്ചാൽ ധനം, ധാന്യം, സന്താനം, ആയുസ്സ്, ആരോഗ്യം എന്നിവയും സ്വർഗപ്രാപ്തിക്കുശേഷം മോക്ഷവും ലഭിക്കും.