ദുബായ് : സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായും ഏറ്റവും മികച്ച ബന്ധം പുലർത്തുകയെന്ന ലക്ഷ്യത്തോടെ കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് പോലീസ് ശില്പശാല സംഘടിപ്പിച്ചു. മിർദിഫ് സിറ്റി സെന്ററിൽ 'പോസിറ്റീവ് സ്പിരിറ്റ്' എന്നപേരിൽ മൂന്നുദിവസം നീണ്ടുനിന്ന ചടങ്ങിൽ നിശ്ചയദാർഢ്യക്കാരായവരെ ചേർത്തുനിർത്തേണ്ടതിന്റെ പ്രാധാന്യം പോലീസ് വിശദീകരിച്ചു.

ദുബായ് പോലീസ് കൗൺസിൽ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എന്ന പ്രസ്ഥാനവുമായി ചേർന്നായിരുന്നു പദ്ധതി. കുട്ടികൾക്കായി ചിത്രരചനയടക്കമുള്ള കലാപരിപാടികളും സംഘടിപ്പിച്ചു.

പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് ദുബായ് പോലീസ് കൗൺസിൽ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ സൈഫ് അൽ ഫലാസി പറഞ്ഞു. ആംഗ്യഭാഷാ പ്രയോഗങ്ങളെക്കുറിച്ചും അവതരണങ്ങൾ നടന്നു.