ദുബായ് : ഏറെ പ്രതീക്ഷകളും വിസ്മയങ്ങളുമൊരുക്കുന്ന ലോകമഹാമേള എക്സ്‌പോ 2020 ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നു. ഒക്ടോബർ ഒന്നിന് തുറന്ന എക്സ്‌പോ 2020 വേദിയിലേക്ക് ലോകമെങ്ങുമുള്ള സന്ദർശകരുടെ കുത്തൊഴുക്കാണ്. യു.എ.ഇ.യിലുടനീളമുള്ളവർ അവധിയെടുത്തും കുടുംബത്തോടൊപ്പം വേദിയിലെ അത്ഭുതക്കാഴ്ചകൾ കാണാനെത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കൊപ്പമെത്തിയാണ് മായാകാഴ്ചകൾ ആസ്വദിക്കുന്നത്. കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾക്കായും നിരവധി പേർ എത്തുന്നുണ്ട്. എക്സ്‌പോയിലെ ഓരോ പവിലിയനുകളിലും കാഴ്ചകളും അറിവുംകൊണ്ട് സമ്പന്നമാണ്.

യു.എ.ഇയിലെ ചില പൊതു സ്വകാര്യമേഖലകൾ ലോക പ്രദർശനം കാണാനായി ജീവനക്കാർക്ക് ശമ്പളത്തോടുകൂടി അവധി അനുവദിച്ചിട്ടുണ്ട്. യു.എ.ഇ.യിലുടനീളമുള്ള ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മെഗാ മേള സന്ദർശിക്കാൻ ആറുദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് നൽകിയിട്ടുള്ളത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ. മന്ത്രിസഭാ തീരുമാനപ്രകാരമാണിത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ആഗോളപരിപാടിയിൽ പങ്കെടുക്കാനായി ആറ്ുദിവസത്തെ ശമ്പളത്തോടെയുള്ള അവധിയും നൽകി.

എക്സ്‌പോയുടെ മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക എന്ന പ്രമേയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണിത്. പ്രസിഡൻഷ്യൽ മന്ത്രാലയത്തിലെ ജീവനക്കാർക്കും ശബളത്തോടെ എട്ട് ദിവസത്തെ അവധി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ചു. അബുദാബി സർക്കാർ സപ്പോർട്ട് വകുപ്പിലെ ജീവനക്കാർക്ക് ലോകപ്രദർശനം കാണാൻ ആറ് ദിവസത്തെ അവധി നൽകി. മേള അവസാനിക്കുന്ന 2022 മാർച്ച് 31 വരെ ഏതെങ്കിലും ദിവസങ്ങളിൽ അവധി പ്രയോജനപ്പെടുത്താം. ഫുജൈറ, ഷാർജ സർക്കാർ ജീവനക്കാർക്ക് ആറുദിവസം അവധിയുണ്ട്. ഉമ്മുൽഖുവൈനിൽ എട്ടുദിവസമാണ് അവധി.

വീട്ടുജോലിക്കാർക്ക് സൗജന്യ ടിക്കറ്റ്

ദുബായ് : വീട്ടുജോലിക്കാർക്കും നാനിമാർക്കും എക്സ്‌പോ 2020 ടിക്കറ്റ് സൗജന്യമായി ലഭിക്കും. എക്സ്‌പോ ടിക്കറ്റ് കൗണ്ടറിൽ വിസ പകർപ്പ് കാണിച്ചാൽ ഇവർക്ക് എത്രതവണ വേണമെങ്കിലും എക്സ്‌പോ സന്ദർശിക്കാമെന്ന് എക്സ്‌പോ മീഡിയാ ഓഫീസ് അറിയിച്ചു. കൂടാതെ എക്സ്‌പോയിലേക്ക് 18 വയസ്സിന് താഴെയുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് സൗജന്യമായി പ്രവേശിക്കാം. മേളയിലേക്കുള്ള ഒറ്റത്തവണ പാസിന് നിലവിൽ 95 ദിർഹമാണ്. ആറ് മാസത്തെ സീസൺ പാസിന് 495 ദിർഹവും നൽകണം. 195 ദിർഹത്തിന് മൾട്ടി എൻട്രി പാസും ലഭ്യമാണ്. ഇത് 30 ദിവസത്തേക്ക് പ്രവേശനം നൽകും.

ആപ്പുകൾ തയ്യാർ

ദുബായ് : സന്ദർശകർക്ക് എക്സ്‌പോ വിവരങ്ങളെല്ലാം എളുപ്പത്തിലറിയാൻ വിവിധ ആപ്പുകൾ തയ്യാറായി. ബിസിനസ് ആവശ്യങ്ങൾക്കായി ബിസിനസ് ആപ്പും സന്ദർശകർക്ക് ലഭിക്കും. നിർമിതബുദ്ധിയിലായിരിക്കും ആപ്പുകളുടെ പ്രവർത്തനം. വിവിധ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ, ചർച്ചകൾ എന്നിവയെല്ലാം ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതുകൂടാതെ സ്പോർട്‌സ് ഫിറ്റ്‌നസ് വിവരങ്ങൾ അറിയാൻ ഗ്ലോഫോക്സ് ആപ്പുമുണ്ട്. എക്സ്‌പോയുടെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായ ആക്‌സഞ്ച്വറുമായി ചേർന്നാണത്. ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എക്സ്‌പോയിൽ ഭക്ഷണം ലഭിക്കുന്ന 200 കേന്ദ്രങ്ങളെക്കുറിച്ച് അറിയാനുമാവും. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലസ്റ്റേറിലും ഇത് ലഭിക്കും. സന്ദർശകർക്ക് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയും ആപ്പിൽ രജിസ്റ്റർ ചെയ്യാം. എക്സ്‌പോയുടെ ജി.പി.എസ്. സൗകര്യമുള്ള മാപ്പും ഇതിലൂടെ ലഭിക്കും.