ദുബായ് : സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ദുബായ് പോലീസ്. പരിചയമില്ലാത്തവരുമായി ഓൺലൈൻ ബന്ധം പുലർത്തരുത്, സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ, മറ്റുവിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത് തുടങ്ങിയ കാര്യങ്ങൾ പോലീസ് ഓർമിപ്പിക്കുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കിയശേഷം പലതരത്തിൽ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പെൺകുട്ടികളുടെ വിശ്വാസ്യത നേടിയെടുത്തശേഷം അവരെ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നവരുണ്ട്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കി ഓൺലൈനിൽ ഇടപെടാൻ ആളുകൾ ശ്രമിക്കണം. ഇത്തരം പരാതികൾ റിപ്പോർട്ടുചെയ്യുന്നതിനായി സ്മാർട്ട് പോലീസ് സ്റ്റേഷൻ സജ്ജമാക്കിയതായി ബർദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടറും പോലീസ് സ്റ്റേഷൻ ഡയറക്ടർ കൗൺസിൽ ചെയർമാനുമായ ബ്രിഗേഡിയർ അബ്ദുല്ല ഖദീം ബിൻ സുറൂർ പറഞ്ഞു.

പരാതികൾ ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയ സംഭവങ്ങളുമുണ്ട്. അപരിചിതരുമായി ഇടപെടുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് രക്ഷിതാക്കളും കുട്ടികളെ ബോധവത്കരിക്കണമെന്നും പോലീസ് അറിയിച്ചു.