ദുബായ് : ചെറിയ അപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ടുചെയ്യാൻ സഹായിക്കുന്ന ദുബായ് പോലീസ് ആപ്പിന് പ്രചാരമേറുന്നു. ആപ്പിലൂടെ പ്രശ്നങ്ങൾ എളുപ്പത്തിൽ അവതരിപ്പിക്കാനും പരിഹാരം കണ്ടെത്താനും കഴിയുമെന്നതാണ് പ്രത്യേകത. 2021 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 85.8 ശതമാനം വർധനയാണ് ആപ്പ് ഉപയോഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പോലീസിനായുള്ള കാത്തിരിപ്പും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ആപ്പിന്റെ ഉപയോഗത്തിലൂടെ കഴിയുമെന്ന് ദുബായ് പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. വളരെ ലളിതവും എളുപ്പവുമാണ് ഇതിന്റെ ഉപയോഗം.

ആപ്പ് തുറന്ന് 'റിപ്പോർട്ട് മൈനർ ആക്സിഡന്റ് സർവീസ്' തിരഞ്ഞെടുത്ത് അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ വിവരങ്ങളും അപകടത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചാൽ മാത്രം മതിയാകും. തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പ് വ്യക്തമാക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.