അബുദാബി : ജീവിതത്തിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. പ്രതിബന്ധങ്ങളെക്കുറിച്ചുള്ള പ്രാരംഭചിന്തയിൽ തന്നെ ആ ആഗ്രഹത്തിന് പൂട്ടിടുന്നവരാണ് അധികവും. ഉള്ള ജോലിയും ശമ്പളവുംകൊണ്ട് ഇങ്ങനെയൊക്കെ പോയാൽ മതിയെന്ന ചിന്ത. ചെയ്യുന്ന ജോലിയിൽനിന്ന് ജീവിതം കരുപ്പിടിപ്പിക്കാനുള്ള വകകൂടിയുണ്ടെങ്കിൽ വേറൊരു ചിന്തയിലേക്ക് പിന്നെ മടക്കവുമില്ല.

അബുദാബി ഇസ്‌ലാമിക് ബാങ്കിൽ പത്തുവർഷത്തോളം ജോലിചെയ്ത ശേഷം വേണ്ടത് മറ്റൊന്നാണെന്ന തിരിച്ചറിവിൽ ജോലിയുപേക്ഷിച്ച് ബിസിനസിലേക്ക് കാലെടുത്തുവെച്ച തൃശ്ശൂർ സ്വദേശിനി ജെസ്‌ല മജീദിന്റെ കഥ ആരെയും സ്വപ്നംകാണാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. യു.എ.ഇയിൽ ജനിച്ചു പഠിച്ചുവളർന്ന ജെസ്‌ലയുടെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത് 2008-ൽ ഇത്തിസലാത്തിലാണ്. 2009 മുതൽ 2019 വരെ ബാങ്കിൽ തരക്കേടില്ലാത്ത തസ്തികയിൽ ജോലിചെയ്തു. അപ്പോഴെല്ലാം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിൽ വട്ടംകറങ്ങുന്നുണ്ടായിരുന്നു. ഭർത്താവ് അബ്ദുല്ലയും സഹോദരനുമടക്കം ബാങ്കിങ്‌ രംഗത്ത് തന്നെയാണ് ജോലിചെയ്യുന്നുവെന്നിരിക്കെ ഉദ്യോഗം മതിയാക്കി പഴം പച്ചക്കറിക്കട തുടങ്ങാൻ പോകുന്നുവെന്ന ജെസ്‌ലയുടെ പ്രഖ്യാപനം വിപ്ലവാത്മകമായിരുന്നു.

ഏത് മേഖലയിലായാലും നമ്മൾ ഒരുപാട് അധ്വാനിക്കണം. എന്നാൽ എന്തുകൊണ്ട് അത് നമ്മുടെ തന്നെ സംരംഭത്തിലായിക്കൂടാ എന്ന ചിന്തയാണ് ജെസ്‌ലയുടെ വേറിട്ട യാത്രയുടെ പ്രേരകശക്തി. 2020 ഫെബ്രുവരിയിൽ ആഗ്രഹിച്ചപോലെ പഴംപച്ചക്കറി സംരംഭത്തിലേക്ക് കാലെടുത്തുവെച്ചു. 40 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന പിതാവ് മജീദിന്റെ പിന്തുണ ശക്തിയായി. പ്രതീക്ഷയോടെ ആരംഭിച്ച പ്രഥമ സംരംഭത്തിനൊപ്പം തന്നെ ലോകഗതി മാറ്റിയ കോവിഡും സജീവമായതോടെ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് കടന്നു. ജോലിചെയ്തു സമ്പാദിച്ച പണമെല്ലാം ചേർത്താണ് സംരംഭകയെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെച്ചത്. അത് പിന്നോട്ടെടുക്കാൻ പറ്റില്ല. വിപണിയുടെ മാറിയ സാധ്യതകളെക്കുറിച്ചായി പിന്നീട് ഇവരുടെ ചിന്ത. സമഗ്രമായ ഓൺലൈൻ സംവിധാനമൊരുക്കി കച്ചവടം നടത്താനുള്ള ശേഷിയോ ഉപഭോക്തൃ നിരയോ ഇല്ല. സ്ഥിരമായി കടയിൽവന്ന് സാധനങ്ങൾ വാങ്ങിയിരുന്നവരിലേക്ക് എങ്ങനെ ഉത്പന്നങ്ങളെത്തിക്കുമെന്ന ചിന്തയായിരുന്നു പിന്നെ. വാട്ട്‌സാപ്പ് സാധ്യതകൾ പരമാവധി പ്രയോജനപ്പടുത്തി വനിതാ ഗ്രൂപ്പുകളിലേക്ക് പഴംപച്ചക്കറികളുടെ ചിത്രമടക്കം എത്തിക്കുന്ന രീതി പരീക്ഷിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. ആഗ്രഹിച്ച പോലെ 2020 അവസാനമായപ്പോഴേക്കും രണ്ടാമത്തെ ശാഖയും ആരംഭിച്ചു. യു.എ.ഇയിൽ ഫാം സ്വന്തമാക്കി പച്ചക്കറികൾ കൃഷിചെയ്യണമെന്നതാണ് ഈ യുവസംരംഭകയുടെ ആഗ്രഹം. ഒപ്പം നാട്ടിൽനിന്നുള്ള കലർപ്പില്ലാത്ത പലവ്യഞ്ജനങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്. രണ്ട് പെൺമക്കളാണ് ജെസ്‌ലയ്ക്ക്. ഏഴുവയസ്സുകാരി ഹനാദി അബ്ദുല്ലയും അഞ്ചുവയസ്സുകാരി റുയ ഫാത്തിമയും.