ദുബായ് : പുരുഷൻമാരെക്കാൾ മികച്ച ഡ്രൈവർമാർ സ്ത്രീകളാണെന്ന് യു.എ.ഇ. സർവേ. റോഡ് സേഫ്റ്റി യു.എ.ഇ. നടത്തിയ സർവേയിലാണ് ഡ്രൈവിങ്ങിൽ മികവ് സ്ത്രീകൾക്കെന്ന കണ്ടെത്തലുള്ളത്.

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ അപകടങ്ങൾ കുറവാണ്. മാത്രമല്ല കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിലാണെന്നും പഠനം വെളിപ്പെടുത്തി. വാഹനങ്ങൾ അനാവശ്യമായി മറികടക്കലോ അമിതവേഗത്തിൽ വാഹനമോടിക്കൽ തുടങ്ങിയ കേസുകളൊന്നും സ്ത്രീകളുടെ പേരിലില്ല. ഇവരുടെ ഡ്രൈവിങ് വളരെ ശ്രദ്ധാപൂർവമാണെന്നും റോഡ് സേഫ്റ്റി യു.എ.ഇ സ്ഥാപകൻ തോമസ് ഏദൽമാൻ പറഞ്ഞു.

2020- ൽ റോഡപകടങ്ങൾ ഉണ്ടാക്കിയതിൽ പുരുഷൻമാരാണ് അധികവും. ആറുമാസത്തിനിടെ നാല് ശതമാനം അപകടങ്ങൾ മാത്രമാണ് സ്ത്രീകളുണ്ടാക്കിയത്. 94 ശതമാനം സ്ത്രീകളും പുരുഷൻമാരെക്കാൾ (91 ശതമാനം) സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും സർവേ വെളിപ്പെടുത്തുന്നു.