ദുബായ് : ജീർണിച്ച ശരീരത്തിൽനിന്ന് ലഭിച്ച ഒരൊറ്റ മുടിനാരുകൊണ്ട് മൃതദേഹത്തിന്റെ മുഖം സൃഷ്ടിച്ചെടുത്ത് ദുബായ് പോലീസ്. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പോലീസ് ജീർണിച്ച മൃതശരീരത്തിൽനിന്ന് ആളുടെ മുഖം സൃഷ്ടിച്ചെടുത്തത്.

ത്രീ-ഡി. ഫേഷ്യൽ റി കൺസ്ട്രക്‌ഷനിലൂടെയാണ് മുഖചിത്രം തയ്യാറാക്കിയത്. അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പറിൽ ബന്ധപ്പെടണം. ഒരുമാസം മുൻപാണ് ജീർണിച്ച നിലയിൽ കടലിൽനിന്ന് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ദുബായ് പോലീസ് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ.അഹമദ് ഈദ് അൽ മൻസൂരിയും സംഘവും മുഖം സൃഷ്ടിച്ചു. ഡി.എൻ.എ.യോ വിരലടയാളമോ ഇല്ലാത്ത മുഖമാണ് പോലീസ് സൃഷ്ടിച്ചതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രി. അഹ്മദ് മത്തർ അൽ മുഹൈരി പറഞ്ഞു.

2007 മുതൽ ദുബായ് പോലീസ് ഡിജിറ്റൽ ഫേഷ്യൽ റികൺസ്ട്രക്‌ഷൻ ഉപയോഗിച്ച് ഏറെ സാഹസികമായിത്തന്നെ മുഖം പുനഃസൃഷ്ടിക്കുന്നുണ്ട്.