ഷാർജ : വർണചിത്രങ്ങൾ വരച്ചും പറഞ്ഞും നിശ്ചയ ദാർഢ്യമുള്ള കുട്ടികൾ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അദ്ദേഹത്തിന്റെ ഇരട്ടകുട്ടികൾക്കും ആശംസകൾ നേർന്നു.

ദുബായിയുടെ പ്രിയപ്പെട്ട കിരീടാവകാശിയോടൊപ്പം മക്കളായ റാഷിദ് ബിൻ ഹംദാൻ, ശൈഖ ബിൻത് ഹംദാൻ എന്നീ മക്കൾക്കും ആയുരാരോഗ്യം നേർന്നുകൊണ്ട് നിശ്ചയദാർഢ്യമുള്ള 15 കുട്ടികളാണ് ആശംസകൾ ചൊരിഞ്ഞത്. ചിത്രപ്പണികളോടെയുള്ള ആശംസാവാക്കുകളോടൊപ്പം അവ്യക്തമായ ഭാഷയിൽ പറഞ്ഞും ചിരിച്ചും പാടിയും വീഡിയോ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കായി യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയുടെ കീഴിലുള്ള കുട്ടികളാണ് വേറിട്ട ആശംസകൾ തയ്യാറാക്കിയത്.

യു.എ.ഇ. കൂടാതെ കേരളം, ഖത്തർ എന്നിവിടങ്ങളിൽനിന്ന്‌ കുട്ടികൾ ആശംസകൾ തയ്യാറാക്കി അയച്ചിട്ടുണ്ട്. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇരുകൈകളിലായി കുട്ടികളെ അടുത്തുനിൽക്കുന്ന ചിത്രം വരച്ചത് കാർട്ടൂണിസ്റ്റ് കൂടിയായ തൃപ്പൂണിത്തുറ സ്വദേശി അൻജാൻ സതീഷ് എന്ന വിദ്യാർഥിയാണ്. ജന്മനാ കൈകാലുകൾ ഇല്ലാത്ത ഇമാദ് ഖത്തറിൽനിന്ന് ആശംസ വരച്ചുനൽകി.

കൂടാതെ രേഷ്മ, ജാസ്മിൻ, ഫാത്തിമ, കൊച്ചുകവി കൂടിയായ അയ്യപ്പൻ അടൂർ, മീനാക്ഷി, ആനന്ദ്, രാഹുൽ, രത്‌ന, ഫർഹാൻ, സൈറ സാറ, ആൻലീന ലിൻസ് ചിറയത്ത്, അലൻ തോമസ് ഷിജോ, അസ്മ അഫാഖ് എന്നീ കുട്ടികളും പുഞ്ചിരിയുമായി ആശംസകൾ നൽകി. നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ, പ്രതീക്ഷയുടെ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ആശംസകൾ മനോഹരമായി തയ്യാറാക്കിയത്. തങ്ങളുടെ ആശംസകൾ ശൈഖ് ഹംദാന്റെ കൈകകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതീക്ഷ സ്പെഷ്യൽ സ്‌മൈൽസ് പ്രവർത്തകർ.