ദുബായ് : കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് ദുബായ് മെട്രോയിൽ നൃത്തംചെയ്ത പ്രവാസി അറസ്റ്റിലായി. ഏഷ്യൻ സ്വദേശിയാണ് ദുബായ് പോലീസിന്റെ പിടിയിലായത്. മുഖാവരണമില്ലാതെ ദുബായ് മെട്രോയിൽ നൃത്തംചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുകയും മര്യാദവിട്ട് പെരുമാറുകയും ചെയ്തതിനാണ് ഇയാളുടെ പേരിൽ കേസെടുത്തത്.

മെട്രോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്യുന്നവർക്കിടയിലാണ് ഇയാൾ മര്യാദവിട്ട് പെരുമാറിയത്. ഇയാളുടെ പ്രവൃത്തി യാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ദുബായ് പോലീസ് ഗതാഗത സുരക്ഷാവിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഉബൈദ് അൽ ഹത് ബൂർ പറഞ്ഞു. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ അടിസ്ഥാന നിയമങ്ങൾ പാലിച്ചിരിക്കണമെന്നും പോലീസ് ഓർമിപ്പിച്ചു. പൊതുധാർമികത ലംഘിച്ചതിന് ആറ് മാസം തടവും 5000 ദിർഹം പിഴയുമായിരിക്കും ഇയാൾക്ക് ലഭിക്കാവുന്ന ശിക്ഷ.