ഷാർജ : ചെടി നട്ടുംനനച്ചും പരിപാലിച്ച് കൊച്ചുകുഞ്ഞുങ്ങളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി.

ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി. വിദ്യാർഥികളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പച്ചപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ചത്. ഷാർജയിലും കേരളത്തിലുമായി കഴിയുന്ന ആയിരക്കണക്കിന് കുട്ടികളാണ് അധ്യാപികമാരുടെ നിർദ്ദേശത്തിലും രക്ഷിതാക്കളുടെ സഹായത്തിലും ചെടി നട്ടതുംനനച്ചതും.

ഷാർജയിലെ താമസയിടങ്ങളിലെ ബാൽക്കണിയിലുള്ള ചെടികളിൽ വെള്ളമൊഴിച്ചും കുഞ്ഞുചെടികൾ നട്ടും അവർ ഒരേ മനസ്സോടെ പരിസ്ഥിതിയെ സംരക്ഷിക്കാനായൊരുങ്ങി. അധ്യാപികമാരായ ജാസ്മിൻ സമീർ, സുനിലാ അനിൽ, മല്ലിക എന്നിവരുടെ നിർദ്ദേശാനുസരണം കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാവുകയായിരുന്നു.

കൂടാതെ പരിസരം ശുചിയാക്കിയും മാലിന്യ നിർമാർജനം ഓർമിപ്പിച്ചും കുട്ടികൾ വ്യത്യസ്തരായി. പരിസ്ഥിതി സംരക്ഷണവും പരിസര ശുചിത്വവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന നിർദ്ദേശം കുട്ടികൾക്കായി ഇന്ത്യൻ സ്കൂൾ അധ്യാപകർ പകർന്നുനൽകി.