ദുബായ് : എമിറേറ്റ്‌സ് എൻവയോൺമെന്റൽ ഗ്രൂപ്പ് ഏർപ്പെടുത്തിയ എമിറേറ്റ്‌സ് റീസൈക്ലിങ് പുരസ്കാരത്തിന് മലയാളിവിദ്യാർഥിനി നിയ ടോണി അർഹയായി. 13,207 കിലോഗ്രാം പേപ്പർ മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിന് വഴിയൊരുക്കിയതിലൂടെയാണ് ആറാം ക്ലാസുകാരിയായ നിയയെ ഈ അംഗീകാരം തേടിയെത്തിയത്. ‌

2015-ലാണ് എറണാകുളം സ്വദേശി ടോമി മകളെ എമിറേറ്റ്‌സ് എൻവയോൺമെന്റൽ ഗ്രൂപ്പിന്റെ ഭാഗമാക്കിയത്. ഇതിലൂടെ തന്റെ കൂട്ടുകാരുടെയും സമീപത്തെ ഫ്ളാറ്റുകളിലെയും പേപ്പർമാലിന്യം ശേഖരിച്ച് എമിറേറ്റ്‌സ് എൻവയോൺമെന്റൽ ഗ്രൂപ്പിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചു. നിയ തന്നെ ട്രോളിയുമായി ചെന്ന് ഓരോ വീടുകളിൽ നിന്നും ഇത്തരം പേപ്പറുകൾ ശേഖരിക്കും.

ഈ ആത്മാർഥമായ പ്രവർത്തനമാണ് തുടർച്ചയായ മൂന്നാം വർഷവും ഒട്ടേറെ രാജ്യക്കാരെ പിൻതള്ളി പുരസ്കാരത്തിന് അർഹയാക്കിയത്. നിയയെപ്പോലുള്ള കുട്ടികൾ പരിസ്ഥിതിക്കായി പ്രവർത്തിക്കുന്നത് വലിയ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഇ.ഇ.ജി. ഗ്രൂപ്പ് സി.ഇ.ഒ. ഹബീബ അൽമറാഷി പറഞ്ഞു.